മാങ്കുളം : പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ 16 പ്രവൃത്തികൾക്ക് ടെൻഡർ വിളിച്ചു. 24 വരെ അപേക്ഷിക്കാം. 24-ന് ടെൻഡർ പരിശോധന നടത്തും. മൂന്നുമസത്തിനുള്ളിൽ കരാർ ഒപ്പുവെച്ച് നിർമാണം തുടങ്ങുമെന്നാണ് അധികൃതർ പറയുന്നത്.

മാങ്കുളം പഞ്ചായത്തിൽ പെരുമ്പൻകുത്ത് മുതൽ അമ്പതാംമൈൽ വരെയുള്ള നാലുകിലോമീറ്റർ റോഡ് പ്രവൃത്തിക്കാണ് ടെൻഡർ വിളിച്ചത്. ശേഷിക്കുന്ന പ്രവൃത്തിയിൽ പാലത്തിന്റെ രൂപരേഖ അന്തിമമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഉപ്പുതറ, ചിന്നക്കനാൽ, കരുണാപുരം, പാമ്പാടുംപാറ, വാഴത്തോപ്പ്, രാജകുമാരി, രാജാക്കാട് എന്നിവിടങ്ങളിൽ ഓരോ പ്രവൃത്തിക്കും വെള്ളത്തൂവൽ-2, ഇരട്ടയാർ-2, അറക്കുളം-3 എന്നിങ്ങനെ പ്രവൃത്തികൾക്കുമാണ് ടെൻഡർ വിളിച്ചത്. ജില്ലയിൽ ആകെ 55 പ്രവൃത്തിയാണ് പുനർനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

റോഡ്, പാലം എന്നിവയുടെ നിർമാണമാണ് പ്രധാനം. ഇതിൽ ഭരണാനുമതിയും കിഫ്ബിയുടെ അനുമതിയും കിട്ടിയ 16 പ്രവൃത്തികൾക്കാണ് ഇപ്പോൾ ടെൻഡർ വിളിച്ചത്.

ബാക്കിയുള്ള 39 പ്രവൃത്തികളുടെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ അന്തിമഘട്ടത്തിലാണ്. 2018-ലെ പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും പുനർനിർമിക്കാൻ പദ്ധതി പ്രഖ്യാപിച്ചിട്ട് രണ്ടുവർഷം കഴിഞ്ഞു. പലവിധ സാങ്കേതികപ്രശ്നങ്ങൾ മൂലമാണ് ഇത്രയും വൈകിയത്. ഈ വർഷമെങ്കിലും നിർമാണം ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.