മറയൂർ : കൊലകൊമ്പൻ വീണ്ടും ബാബുനഗറിൽ ഭീതി പരത്തുന്നു. പെട്രോൾ പമ്പിന് സമീപം കെട്ടിയിട്ടിരുന്ന പശുവിനെ ആന ചവിട്ടിക്കൊന്നു. മൂന്നുപേരുടെ ജീവനെടുത്ത ഒറ്റയാനാണ് കൊലകൊമ്പൻ.

പട്ടംകോളനി സ്വദേശി ഇബ്രാഹിമിന്റെ പശുവാണ് ചത്തത്. സമീപത്തെ ചന്ത്രലാലിന്റെ പറമ്പിലും നാശനഷ്ടങ്ങളുണ്ടാക്കി.

സംരക്ഷണവേലി തകർക്കുകയും വാഴക്കൃഷി നശിപ്പിക്കുകയും ചെയ്തു. കാട്ടാനകളെ തുരത്താൻ വനംവകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

മറയൂർ റേഞ്ച് ഓഫീസർ എം.ജി.വിനോദ് കുമാർ സ്ഥലത്തെത്തി പരിശോധന നടത്തി. ആനക്കൂട്ടത്തെ തുരത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഒറ്റയാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടിയെടുക്കുമെന്ന് ഡി.എഫ്.ഒ. ബി.രഞ്ജിത് അറിയിച്ചു.