ഏലപ്പാറ : ബോണാമിയിലെ തോട്ടംമേഖലയിൽ വളർത്തുകാലികൾ വ്യാപകമായി ചത്തൊടുങ്ങുന്നു. പേവിഷബാധയേറ്റ നായയുടെ കടിയേറ്റതാണ് പശുക്കൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്. സംഭവമറിയിച്ചിട്ടും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്താൻ തയ്യാറാകുന്നില്ലെന്നാണവരുടെ പരാതി.

പൂട്ടിക്കിടക്കുന്ന ബോണാമി എസ്റ്റേറ്റിലെ തൊഴിലാളികളുടെ പ്രധാന വരുമാനമാർഗമാണ് കാലിവളർത്തൽ. കാടുപിടിച്ചുകിടക്കുന്ന തേയിലക്കാടിനുള്ളിലാണ് കാലികളെ മേയാനായി അഴിച്ചുവിടുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്ത് പേവിഷബാധയേറ്റ നായയെ കാണുകയും നാട്ടുകാർ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് പശുക്കൾ കൂട്ടത്തോടെ ചത്തുതുടങ്ങിയത്.

ഒരാഴ്ചയ്ക്കുള്ളിൽ പത്തുപശുക്കളാണ് ചത്തത്. വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തിയെങ്കിലും ദൂരെനിന്ന് നോക്കിക്കാണുക മാത്രമാണ് ചെയ്തത്. പശുക്കളിൽ റാബീസ് വൈറസ് സ്ഥിരീകരിക്കാനും ശാസ്ത്രീയ പരിശോധന നടത്താനും അധികൃതർ തയ്യാറായിട്ടില്ല. ബോണാമി രണ്ടാം ഡിവിഷനിലെ മരിയദാസ്, ജയപാൽ, ജോസഫ് രാജ്, ശാരദ, ചെല്ലദുരൈ എന്നിവരുടെ പശുക്കളാണ് ചത്തത്.

ഇതിനെ മറവുചെയ്യാൻ വലിയ തുക കർഷകർക്ക് മുടക്കേണ്ടിവന്നു. വൈറസ് ബാധയുണ്ടോയെന്നറിയാൻ സ്വന്തം നിലയിൽ പരിശോധന നടത്തണമെന്നാണ് അധികാരികൾ പറയുന്നത്. ഇതിനും വലിയ തുക ചെലവഴിക്കേണ്ടിവരും. രോഗബാധയുണ്ടെങ്കിൽ മറ്റു കന്നുകാലികളെയും ബാധിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.