ഏലപ്പാറ : ടൗണിൽ കഴിഞ്ഞ രണ്ട് വർഷമായി വെള്ളമെത്തുന്നില്ലെങ്കിലും ബില്ല് കൃത്യമായി എത്തുന്നുണ്ട്. ടൗണിൽ ഹൗസ് കണക്ഷൻ എടുത്തിട്ടുള്ള 25-ലേറെ ഉപയോക്താക്കളാണ് വെള്ളം ലഭിക്കാതെ ബില്ലടയ്ക്കുന്നത്.

ഹൗസ് കണക്ഷൻ എടുത്ത് ആദ്യ ദിവസങ്ങളിൽ വെള്ളം ലഭിച്ചിരുന്നുവെങ്കിലും ക്രമേണ നിലച്ചു. പരാതികൾ വാട്ടർ അതോറിറ്റി അധികൃതരെ അറിയിച്ചുവെങ്കിലും വെള്ളം വിതരണം ചെയ്യാനുള്ള നടപടി ഇതുവരെ ഉണ്ടായില്ല. ബില്ല് കൃത്യമായി എത്തുകയും ചെയ്തു. ഉപയോഗിക്കാത്ത വെള്ളത്തിന് പണമടയ്ക്കാൻ ബിൽ എത്തിയ വിവരം വാട്ടർ അതോറിറ്റി ഓഫീസിൽ അറിയിച്ചെങ്കിലും വെള്ളം ഉടൻ എത്തുമെന്നും പണം അടയ്ക്കാനുമായിരുന്നു നിർദേശം.

ദിവസങ്ങൾ മാസങ്ങളായി മാസങ്ങൾ വർഷങ്ങളായിട്ടും വെള്ളം മാത്രം എത്തിയിട്ടില്ല. വലിയ വില നൽകിയാണ് ഉപയോക്താക്കൾ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് വെള്ളം വാങ്ങുന്നത്. ഇതിനിടെയാണ് ഉപയോഗിക്കാത്ത വെള്ളത്തിനും പണമടയ്ക്കേണ്ടി വരുന്നത്.