തൊടുപുഴ : കാതടപ്പിക്കുന്ന ശബ്ദത്തിൽ ടൗണിലൂടെ അപകടകരമായ രീതിയിൽ ബൈക്ക് പായിച്ചവരെ മോട്ടോർവാഹന വകുപ്പ് കണ്ടെത്തി പിഴയീടാക്കി. ലൈസൻസില്ലാതെയാണ് 18 വയസ്സുകാർ ബൈക്ക് പായിച്ചത്. ബൈക്കുകളുടെ സൈലൻസറുകളും ഊരിമാറ്റിയിരുന്നു.

ബുധനാഴ്ച രാവിലെ തൊടുപുഴ എ.പി.ജെ.അബ്ദുൽ കലാം സ്കൂളിന് സമീപം റോഡിലാണ് സംഭവം. അപകടകരമായ രീതിയിൽ ബൈക്ക് പായിക്കുന്നതായി നാട്ടുകാർ മോട്ടോർ വാഹനവകുപ്പിന് പരാതി നൽകിയിരുന്നു.

തുടർന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. പി.എ.നസീറിന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഉദ്യോഗസ്ഥരെ കണ്ട യുവാക്കൾ ബൈക്ക് നിർത്തി ഇറങ്ങിയോടി. തുടർന്ന് വാഹന നമ്പർ ഉപയോഗിച്ച് ഉടമകളെ കണ്ടെത്തുകയായിരുന്നു. ഉടമകൾക്കൊപ്പം ബൈക്കോടിച്ച യുവാക്കളെയും വിളിച്ചുവരുത്തി. വാഹനങ്ങൾ പോലീസിനെ ഏല്പിച്ചു.

ഇരുവാഹനങ്ങൾക്കുമായി 15,000 രൂപ വീതമാണ് പിഴയിട്ടത്. സൈലൻസർ ഊരിമാറ്റിയതിനും ലൈസൻസില്ലാതെ അപകടകരമായ രീതിയിലും വാഹനമോടിച്ചതിനാണ് പിഴ. മോട്ടോർ വെഹിക്കൾ ഇൻസ്പെക്ടർ അബ്ദുൽ ജലീൽ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ നിസാർ ഹനീഫ, പി.ആർ.രാംദേവ്, ഡോരൈവർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

നിയമലംഘകരെ കണ്ടെത്തി പിഴയീടാക്കിലൈസൻസുമില്ല, സൈലൻസറുമില്ല

സ്റ്റണ്ട് നിർത്തിക്കോ; രക്ഷിതാക്കൾക്കും പിടിവീഴും

തൊടുപുഴ നഗരത്തിലെ ബൈപ്പാസുകളിൽ യുവാക്കൾ ബൈക്ക് റേസിങ്ങും സ്റ്റണ്ടിങ്ങും നടത്തുന്നതായി മോട്ടോർവാഹന വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങൾ കർശന പരിശോധന നടത്തും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴയീടാക്കും. പ്രായപൂർത്തിയാകാത്തവരാണ് നിയമലംഘകരെങ്കിൽ നടപടി നേരിടേണ്ടത് രക്ഷിതാക്കളാണ്. 25,000 രൂപ പിഴ അടയ്‌ക്കേണ്ടിവരും. ആറുമാസം തടവും ലഭിക്കാം.