പുറപ്പുഴ : വിശപ്പിന്റെ വിളി വന്നാൽ പോക്കറ്റ് കാലിയാകാതെ ആഹാരം കഴിക്കണമെങ്കിൽ പുറപ്പുഴക്കാർക്ക് കുടുംബശ്രീ ഹോട്ടലിലേക്ക്‌ ധൈര്യമായി കയറാം. മനസ്സ് നിറഞ്ഞുണ്ണുന്നവർ വീണ്ടും വീണ്ടും ഈ ഹോട്ടൽ തേടിയെത്താറുണ്ട് നടത്തിപ്പുകാർ പറയുന്നു. ഉഷ സുരേഷ്, ഗ്രേസി ജോസഫ്, മേഴ്സി സാബു എന്നിവരുടെ നേതൃത്വത്തിലാണ് പുറപ്പുഴയിലെ കുടുംബശ്രീ ഹോട്ടൽ പ്രവർത്തനങ്ങൾ നടക്കുന്നത്.

20 രൂപ ഊണിൽ വാഴച്ചുണ്ട് തോരൻ, അച്ചിങ്ങ, നെല്ലിക്ക അച്ചാർ, സാമ്പാർ, മോര് എന്നിവയുണ്ട്. ഓരോ ദിവസവും വ്യത്യസ്ത ഭക്ഷണവിഭവങ്ങൾ ഒരുക്കാൻ ഇവർ ശ്രദ്ധിക്കാറുണ്ട്. കൂടാതെ 30 രൂപ കൊടുത്താൽ സ്പെഷ്യലും റെഡി. തുടങ്ങിയിട്ട് മാസം രണ്ട് പിന്നിടുന്നുള്ളുവെങ്കിലും നാട്ടിൽ ഈ ഹോട്ടൽ ഹിറ്റാണ്.

രാവിലെ 11.30-ന് ഊണ് തയ്യാറാകും. പ്രഭാത ഭക്ഷണംകൂടി നൽകാനുള്ള തയാറെടുപ്പിലാണ് ഇവർ.

ഭക്ഷണം കഴിക്കാതെ ആരും ഉണ്ടാവരുത് പണം ഇല്ലാതെ ആരുവന്നാലും ഊണ് ഫ്രീ ആണെന്ന് ഉഷച്ചേച്ചി. പുറപ്പുഴ തട്ടായത്ത് ബിൽഡിങ്ങിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്.