പീരുമേട് : റവന്യൂ വകുപ്പിന്‍റെ വിവാദ ഉത്തരവിന്റെ മറവിൽ പീരുമേട് താലൂക്കിലും മരങ്ങൾ വെട്ടിക്കടത്തിയതായും സംസ്ഥാനത്ത് നടക്കുന്ന വനംവകുപ്പിന്‍റെ വിജിലൻസ് അന്വേഷണത്തിൽ ഈ പ്രദേശം കൂടി ഉൾപ്പെടുത്തണമെന്നും കാട്ടി ഐ.എൻ.ടി.യു.സി. മുഖ്യമന്ത്രിക്ക് പരാതി നൽകി. പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജിൽപ്പെട്ട ചുരക്കുളം, പശുമല തുടങ്ങിയ തേയിലത്തോട്ടങ്ങളിൽനിന്ന ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങൾ മാസങ്ങൾക്ക് മുമ്പാണ് മുറിച്ചുകടത്തിയത്. വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മരങ്ങൾ ഇത്തരത്തിൽ മുറിച്ചുകടത്തി. എരുമേലി ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട സ്ഥലമാണിത്. ഇടുക്കി ജില്ലയിൽനിന്ന്‌ കോടികളുടെ മരങ്ങളാണ് കടത്തിയത്. വനംവകുപ്പിന്‍റെ വിജിലൻസ് നടത്തിവരുന്ന അന്വേഷണം പീരുമേട്ടിലേക്കും വ്യാപിപ്പിക്കണമെന്നാണ് ഐ.എൻ.ടി.യു.സി. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.കെ.രാജൻ നൽകിയ പരാതിയിൽ പറയുന്നത്.