അടിമാലി : ഒരൊറ്റരാത്രി ഉറക്കമുണർന്നപ്പോൾ സർവവും നഷ്ടപ്പെട്ട പെട്ടിമുടിയുടെ വേദന കവിതയിലൂടെ കോറിയിടുകയാണ് അടിമാലി ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ. ഫ്രാൻസിസ് ജോസഫ് ‘നീലക്കുറിഞ്ഞിതൻ നൊമ്പരങ്ങൾ’ എന്ന കവിതയിലൂടെ. പെട്ടിമുടി ദുരന്തഭൂമിയിൽ ഡ്യൂട്ടിനോക്കിയ ഉദ്യോഗസ്ഥനാണ് ഫ്രാൻസിസ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ കണ്ട വേദനാജനകമായ കാഴ്ച്കളാണ് കവിതയ്ക്കാധാരം.

‘പെട്ടിമുടിയുടെ താഴ്‌വരയിൽ പട്ടിണിമാറ്റാൻ പണിയെടുത്ത് അന്തിയുറങ്ങിയ പാവങ്ങൾക്ക് പട്ടട തീർത്തതാ പാതിരാവിൽ’ എന്നു തുടങ്ങുന്ന കവിതയിൽ ദുരന്തഭൂമിയിൽ ഉയർന്നുപൊങ്ങിയ നിലവിളികളും നെഞ്ചുപിളർക്കുന്ന ദുരന്തത്തിന്റെ നേർക്കാഴ്ചകളും അടയാളപ്പെടുത്തുന്നുണ്ട്‌. ഉരുൾപൊട്ടലിൽ സർവതും നഷ്ടപ്പെട്ട ഒരുപറ്റം മനുഷ്യരുടെ ഉറ്റവരെ തേടിയുള്ള നിലവിളികൾ, മണ്ണിനടിയിൽനിന്ന് മാന്തിയെടുക്കുന്ന പ്രിയപ്പെട്ടവരുടെ ഛിന്നഭിന്നമായ ചേതനയറ്റ ശരീരങ്ങൾ കണ്ട് ബോധരഹിതരാകുന്ന അടുത്ത ബന്ധുക്കൾ, ഇതിനെല്ലാം മൂകസാക്ഷിയാകേണ്ടിവന്ന തന്റെ അനുഭവമാണ് കവിതയെഴുതാൻ പ്രേരകമായതെന്ന് ഫ്രാൻസിസ് പറയുന്നു. സംഭവം നടന്ന് ഒരുവർഷത്തോളമായിട്ടും ആ നീറുന്ന ഓർമകൾ ഇന്നും മനസ്സിൽനിന്ന് മാറിയിട്ടില്ല. പെട്ടിമുടിക്കാർ ഒരിക്കലും വിസ്മരിക്കപ്പെടാൻ പാടില്ല. പൊതുസമൂഹത്തിന്റെ ചിന്തയിലും പ്രാർഥനയിലും അവർ എന്നുമുണ്ടാകണം.

അതിനുവേണ്ടിയാണ് താൻ കവിത രചിച്ചതെന്നും ഫ്രാൻസിസ് പറയുന്നു. കഴിഞ്ഞ ദിവസം സാമൂഹികമാധ്യമത്തിലൂടെ കവിത പ്രകാശനംചെയ്തു. കവിത കേട്ട് കണ്ണൂർ ഡി.ഐ.ജി. സേതുരാമൻ ഐ.പി.എസ്. ഉൾപ്പടെയുള്ളവർ ഫ്രാൻസിസിനെ നേരിട്ടുവിളിച്ച് അനുമോദനം അറിയിച്ചു.

 ഫ്രാൻസിസ് ജോസഫ്