പന്നിമറ്റം : വെളളിയാമാറ്റം പഞ്ചായത്തിലെ മലയോര ആദിവാസി പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് ഉതകുന്ന റിങ് റോഡിനായുള്ള കാത്തിരിപ്പിന് പതിറ്റാണ്ടുകളുടെ പഴക്കം. ഭരണനേതൃത്വം പലത് മാറിവന്നിട്ടും പദ്ധതി ഇപ്പോഴും രേഖകളിൽ മാത്രം ഒതുങ്ങിയിരിക്കുകയാണ്. ആളുകൾക്ക് അനായാസമായി ജില്ലയിലെ വിവിധ ഇടങ്ങളിൽ എത്തിച്ചേരാൻ കഴിയുന്ന പദ്ധതി ഉടൻ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റിങ് റോഡ് ഇങ്ങനെ
കരിപ്പിലങ്ങാടുനിന്ന് ആരംഭിച്ച് കുളപ്പുറം, ദേവരുപാറ, കിഴക്കുംമല, നാളിയാനി, തടിയനാൽ വഴി മുത്തിയുരുണ്ടയാർ എത്തി തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയുമായി സംഗമിക്കുന്നതാണ് നിർദിഷ്ട റിങ് റോഡുകളിലൊന്ന്.
ഇതിൽ കിഴക്കുംമല മുതൽ നാളിയാനിവരെയുള്ള റോഡാണ് ഇതുവരെ പണിയാരംഭിക്കാത്തത്. വനമേഖലയിൽകൂടി കടന്നുപോകുന്നതിനാൽ വനം വകുപ്പ് അനുമതി നൽകുന്നില്ല. ഇതിനിടയിൽ മലയിടിഞ്ഞ് റോഡ് രണ്ടായി വേർപെട്ടതോടെ പാതിവഴിയിൽ പണി നിർത്തിയിരിക്കുന്ന കോഴിപ്പിള്ളിവഴിയുള്ള റോഡിന്റെ നിർമാണം നിലച്ചിരിക്കുകയാണ്.
കാരിക്കോടുനിന്നാരംഭിച്ച് പന്നിമറ്റം, നാളിയാനി, കിഴക്കുംമല, പൂച്ചപ്ര, വെള്ളിയാമറ്റം, ആനക്കയം വഴി വീണ്ടും കാരിക്കോട് എത്തുന്നതാണ് രണ്ടാമത്തെ പാത. ഈ റോഡിന്റെ പ്രധാന ഭാഗങ്ങളെല്ലാം പണി പൂർത്തീകരിച്ചതാണ്. എന്നാൽ, കുളപ്പുറം ഭാഗത്ത് രണ്ടുകിലോമീറ്റർ വനമേഖലയിലെ റോഡിന്റെ നിർമാണം പൂർത്തിയാകാത്തതാണ് റിങ് റോഡ് യഥാർഥ്യമാകാൻ വൈകുന്നത്.
പദ്ധതി യാഥാർഥ്യമായാൽ
റിങ് റോഡുകൾ യഥാർഥ്യമായാൽ തൊടുപുഴയിൽനിന്ന് എളുപ്പത്തിൽ ഇടുക്കിയിലെത്താനാകും. ഏഴ് കിലോമീറ്ററിലധികം ദൂരം ലാഭിക്കാനാകും. കുളമാവ് ഡാമിന് മുകളിലൂടെയുള്ള ഗതാഗതം ഒഴിവാക്കാമെന്നത് റോഡിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
പലയിടങ്ങളിലും റോഡ് വനമേഖലയിൽകൂടി കടന്നുപോകുന്നതിനാൽ തടസ്സംകൂടാതെ പണി പൂർത്തിയാക്കണമെങ്കിൽ പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെടുത്തി അനുമതി വേണം. നാഴികക്കല്ലാകും
വെള്ളിയാമറ്റം പഞ്ചായത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകാൻ കഴിയുന്ന പദ്ധതിയാണ് റിങ് റോഡുകൾ. ഇത് യഥാർഥ്യമായാൽ നാടിന്റെ മുഖച്ഛായതന്നെ മാറും. അവികസിത പ്രദേശങ്ങൾ വികസനപാതയിലാകും.
എം.മോനിച്ചൻ
ഇളംദേശം മുൻ ബ്ലോക്ക്
പഞ്ചായത്തംഗം
സമഗ്ര വികസനത്തിന് സഹായിക്കും
റിങ് റോഡ് വന്നാൽ മലയോരമേഖലയുടെ സമഗ്രവികസനത്തിന് സഹായകരമാകും. പഞ്ചായത്ത് മുൻകൈയെടുത്ത് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഫണ്ട് വിനിയോഗിച്ച് നിർമാണം വേഗത്തിലാരംഭിക്കണം.
വർക്കി നിരപ്പേൽ
മുൻ പഞ്ചായത്ത് പ്രസിഡന്റ്,വെള്ളിയാമറ്റം.