നെടുങ്കണ്ടം : നെടുങ്കണ്ടത്തെ സ്‌പോർട്‌സ് ഹോസ്റ്റലിന് പ്രവർത്തിക്കാൻ കെട്ടിടം കണ്ടെത്താനാവാത്തതിനാൽ കായിക താരങ്ങളായ 19 വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിൽ. കഴിഞ്ഞ വർഷം സ്‌പോർട്‌സ് ഹോസ്റ്റൽ താത്കാലികമായി പ്രവർത്തിച്ചിരുന്ന നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം താലൂക്കാശുപത്രിയുടെ കോവിഡ് സെന്ററിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ഇതോടെ സൗകര്യങ്ങളുള്ള മറ്റൊരു കെട്ടിടം നെടുങ്കണ്ടത്ത് കണ്ടെത്താനാവാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.
നെടുങ്കണ്ടത്ത് കഴിഞ്ഞ പത്ത് വർഷമായി ശോചനീയാവസ്ഥയിലുള്ള കെട്ടിടത്തിലാണ് സ്‌പോർട്‌സ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്നത്. ഇതിനിടെ 2019 ജൂലായ് 10-ന് ഹോസ്റ്റലിലെ 22 കുട്ടികൾ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായി. ഇതോടെ സ്‌പോർട്‌സ് ഹോസ്റ്റൽ അടച്ചിടുകയും ശോചനീയാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്നും ഹോസ്റ്റൽ മാറ്റണമെന്ന ആവശ്യം ഉയരുകയും ചെയ്തു. തുടർന്നാണ് ഹോസ്റ്റൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് സമീപത്തെ കെട്ടിടത്തിലേക്ക് താത്കാലികമായി മാറിയത്.
നീളുന്ന തർക്കം
കോവിഡിന്റെ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കാതിരുന്നതിനാൽ സ്‌പോർട്‌സ് ഹോസ്റ്റലും തുറന്നിരുന്നില്ല. ഇതിനിടെ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുമായി ഉണ്ടാക്കിയ കരാർ അവസാനിക്കുകയും ചെയ്തു. ഇതോടെ താലൂക്കാശുപത്രി സൂപ്രണ്ടിന്റെ അവശ്യപ്രകാരം സ്‌പോർട്‌സ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിട്ടുകൊടുക്കുകയായിരുന്നു.
നിലവിൽ ആരോഗ്യ പ്രവർത്തകർക്ക് വിശ്രമിക്കുന്നതിനും നിരീക്ഷണത്തിൽ കഴിയുന്നതിനുമായാണ് കെട്ടിടം ഉപയോഗിക്കുന്നത്. ആശുപത്രി സൂപ്രണ്ടിന്റെ ഏകപക്ഷീയ നിലപാട് മൂലമാണ് വിദ്യാർഥികളുടെ പഠനം മുടങ്ങിയതെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.സുകുമാരൻ ആരോപിച്ചു.
മറ്റ് ജില്ലകളിൽ നിന്നുള്ള എസ്.എസ്.എൽ.സി., പ്ലസ് ടു ക്ലാസുകളിലെ 13 പെൺകുട്ടികൾക്കും ആറ് ആൺകുട്ടികൾക്കുമാണ് നിലവിൽ താമസസൗകര്യം വേണ്ടത്.
എന്നാൽ ,നിലവിലെ സാഹചര്യത്തിൽ കെട്ടിടം വിട്ടുനൽകാനാവില്ലെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.അനൂപ് അറിയിച്ചു. താലൂക്കാശുപത്രിയുടെ സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ആശുപത്രിയുടെ പ്രവർത്തനങ്ങൾ സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടിലാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.