മൂന്നാർ : പെട്ടിമുടി ദുരന്തത്തിൽ മരിച്ച തോട്ടം തൊഴിലാളികളുടെ ആശ്രിതർക്ക് തൊഴിൽ വകുപ്പിൽനിന്ന് ഒന്നര ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചു. 2013-ലെ എസ്റ്റേറ്റ് തൊഴിലാളികളുടെ ദുരിതാശ്വാസ പദ്ധതിയിൽ മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രിതർക്ക് നൽകിവന്നിരുന്ന ധനസഹായം 25000 രൂപയായിരുന്നു. എന്നാൽ, പെട്ടിമുടി ദുരന്തത്തെ തുടർന്ന് ഇത് ഒരുലക്ഷമായി ഉയർത്തിയിരുന്നു. ഇതോടൊപ്പം സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും പെട്ടിമുടി ദുരന്തത്തിൽ മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രിതർക്ക് 50000 രൂപകൂടി നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ബുധനാഴ്ച മൂന്നാറിൽ പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ ആർ.പ്രമോദിന്റെ നേതൃത്വത്തിൽ നടന്ന വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിലാണ് ഒന്നര ലക്ഷം രൂപ വീതം നൽകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ, മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രിതരെ കണ്ടെത്തി, തുക പിന്നീട് കൈമാറും. യോഗത്തിൽ വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളായ കെ.വി.ശശി ( സി.ഐ.ടി.യൂ ), എ.കെ.മണി ( ഐ.എൻ.ടി.യു.സി ), എം.വൈ.ഔസേപ്പ് ( എ.ഐ.ടി.യു.സി), ഡി.ഡേവിഡ് (ബി.എം.എസ്), വി.മോഹൻ കുമാർ ( വർക്കേഴ്സ് കോൺഗ്രസ് ) തുടങ്ങിയവർ പങ്കെടുത്തു.