പെരുവന്താനം : പഞ്ചായത്തിൽ സ്ഥിരംസമിതി അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. ഏഴാംതീയതി നടന്ന സ്ഥിരംസമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അംഗങ്ങൾ വൈകിയെത്തിയതും മിനിട്ട്സിൽ ഒപ്പിടാൻ കഴിയാതെവന്നതും വരണാധികാരിയെ തടഞ്ഞുവെച്ചതുമടക്കം നാടകീയ സംഭവങ്ങൾ അരങ്ങേറിയ ശേഷമാണ് പതിനഞ്ചാം തീയതി വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.
തർക്കങ്ങൾക്കിടയിൽ യു.ഡി.എഫ്. അംഗങ്ങൾക്ക് അന്ന് നാമനിർദേശ പത്രിക നൽകാൻ കഴിഞ്ഞിരുന്നില്ല.
തിരഞ്ഞെടുപ്പുനടന്ന ദിവസം രാവിലെ പത്തരയ്ക്കുമുന്പ് നാമനിർദേശ പത്രിക നൽകണമെന്ന ചട്ടം യു.ഡി.എഫ്. അംഗങ്ങൾക്ക് പാലിക്കാൻ കഴിഞ്ഞില്ല. തുടർന്ന് യു.ഡി.എഫ്. ഭൂരിപക്ഷമുള്ള ഭരണ സമിതിയിൽനിന്ന് ഇടതുപക്ഷ അംഗങ്ങൾ സ്ഥിരംസമിതികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സാഹചര്യമുണ്ടായി.
തുടർന്ന് വരണാധികാരിയെ തടഞ്ഞുവെയ്ക്കുകയും ചെയ്തു. നടപടി റദ്ദാക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ്. അംഗങ്ങൾ കോടതിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിച്ചെങ്കിലും സമയബന്ധിതമായ നടപടികൾ ഉണ്ടായില്ല.
അവശേഷിക്കുന്ന സ്ഥിരംസമിതികളിൽ അംഗമാകാൻ യു.ഡി.എഫ്. അംഗങ്ങൾ പത്രിക നൽകി കഴിഞ്ഞു.