തൊടുപുഴ : കോവിഡ് നിയന്ത്രണങ്ങൾക്കിടെ ആദ്യമായി റിലീസിനെത്തിയ ചലച്ചിത്രത്തെ ആവേശത്തോടെ വരവേറ്റ് കാണികൾ. പത്തുമാസത്തെ കാത്തിരിപ്പിനുശേഷമെത്തിയ ചിത്രം കാണാൻ ഒട്ടേറെപ്പേർ തിയേറ്ററുകളിലെത്തി. ഇഷ്ടതാരത്തിനുവേണ്ടി മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയുമൊക്കെയായിരുന്നു ആഘോഷം. സ്‌ക്രീനിൽ ചിത്രംതെളിഞ്ഞ നിമിഷം തീയേറ്ററുകൾക്കുള്ളിൽ ആർപ്പുവിളികളുയർന്നു. ജില്ലയിലെ പത്തോളം തിയേറ്ററുകളിലാണ് വിജയ് നായകനായ തമിഴ് ചിത്രമായ മാസ്റ്റർ റിലീസ് ചെയ്തത്. ആദ്യ ദിവസത്തെ പ്രദർശനം കാണാനെത്തിയവരിൽ ഏറെയും യുവാക്കളായിരുന്നു.
മാനദണ്ഡങ്ങൾ പാലിച്ച്
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ജില്ലയിലെ തിയേറ്ററുകൾ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രേഷകരെ പ്രവേശിപ്പിച്ചത്. സ്‌ക്രീനിങ് നടത്തിയാണ് ആളുകളെ അകത്തേക്ക് കയറ്റിവിട്ടത്. ഒന്നിടവിട്ട സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. സാനിെറ്റെസറടക്കമുള്ളവയും തിയേറ്ററുകളിൽ ഒരുക്കിയിരുന്നു. ഓരോ പ്രദർശനത്തിനുശേഷവും തിയേറ്ററുകളുടെ അകം അണുവിമുക്തമാക്കിയിരുന്നു. ഓൺലൈനിൽ മാത്രമായിരുന്നു ടിക്കറ്റ് വിൽപ്പനയെന്നതിനാൽ കൗണ്ടറുകൾ തുറന്നില്ല. സെക്കൻഡ് ഷോയും ഉണ്ടായിരുന്നില്ല.