മറയൂർ: വിലയും വിപണിയും ഇല്ലാത്തതിനാൽ ശീതകാലപച്ചക്കറികൃഷികളിൽ നിന്നു കാന്തല്ലൂരിലെ കർഷകർ പിൻമാറുന്നു. ഓണവിപണി ലക്ഷ്യമിട്ട് വിവിധ പച്ചക്കറികൃഷിയിറക്കേണ്ട കർഷകർ ഇപ്പോൾ വെളുത്തുള്ളി വിത്തുകൾ നടുന്ന തിരക്കിലാണ്. ന്യായവില ലഭിക്കാത്തതും വിപണി കണ്ടെത്തുവാൻ കഴിയാത്തതും വന്യജീവി ആക്രമണവുമാണ് പച്ചക്കറികൃഷിയിൽനിന്നു കർഷകർ പിൻമാറാൻ കാരണം. കൂടാതെ മുൻപ് ഹോർട്ടികോർപ്പ് പച്ചക്കറി സംഭരിച്ചവകയിൽ 24 ലക്ഷം രൂപ കർഷകന് കുടിശ്ശികയായി നല്കുവാനുമുണ്ട്. വിഷുവിന് ശേഷം പച്ചക്കറി ഹോർട്ടി കോർപ്പ് സംഭരിച്ചിട്ടുമില്ല.

എല്ലാവരും വെളുത്തുള്ളിക്ക് പിന്നാലെ

കാന്തല്ലൂർ പഞ്ചായത്തിലെ പെരുമല, പുത്തൂർ, ഗുഹനാഥപുരം, കൊളുത്താമല, ആടിവയൽ, കീഴാന്തൂർ, വെട്ടുകാട് മേഖലകളിലാണ് ശീതകാല പച്ചക്കറി വ്യാപകമായി കൃഷിചെയ്തുവരുന്നത്. കാരറ്റ്, കാബേജ്, ബീറ്റ്റൂട്ട്, വിവിധയിനം ബീൻസുകൾ തുടങ്ങിയവയാണ് വ്യാപകമായി ചെയ്തുവരുന്നത്. എന്നാൽ, ഇത്തവണ 70 ശതമാനത്തിലധികം കർഷകർ വെളുത്തുള്ളി കൃഷിയാണ് ചെയ്യുന്നത്. പച്ചക്കറി കൃഷിചെയ്താൽ മയിൽ, കാട്ടുപന്നി, കുരങ്ങ് എന്നിവ വ്യാപകമായി കൃഷി നശിപ്പിക്കും.എന്നാൽ വെളുത്തുള്ളിക്ക് എരിവുള്ള കാരണം വന്യജീവികൾ അടുക്കില്ല. വിളവെടുത്താൽ നല്ല വില ലഭിക്കുകയും ചെയ്യും.കഴിഞ്ഞ വിളവെടുപ്പിന് 150 രൂപ മുതൽ 180 രൂപ വില ലഭിച്ചു.തമിഴ്നാട്ടിലെ മധുര വടുകുപ്പെട്ടി, മേട്ടുപാളയം എന്നീ വിപണികളിലാണ് കാന്തല്ലൂർ വെളുത്തുള്ളി വിൽക്കുന്നത്.

ഹോർട്ടി കോർപ്പ് ശേഖരിക്കുന്നില്ല

ഹോർട്ടികോർപ്പ് കാന്തല്ലൂരിൽനിന്നു വെളുത്തുള്ളി ശേഖരിക്കാറില്ല.കഴിഞ്ഞ തവണ കാന്തല്ലൂരിൽനിന്നു ഇടനിലക്കാരായ കച്ചവടക്കാർ വെളുത്തുള്ളി വാങ്ങി വട്ടവട കോവിലൂരിലെത്തിച്ച് ഹോർട്ടി കോർപ്പിന് വിറ്റു. എന്നാൽ കാന്തല്ലൂരിൽ നിന്നു ഒരു കിലോ പോലും എടുത്തില്ല. കഴിഞ്ഞ തവണ കാലാവസ്ഥ വ്യതിയാനം മൂലം വിളവ് കുറവായിരുന്നു.

തമിഴ്നാട്ടിൽ വിറ്റഴിക്കാൻ കഴിയുന്നതിനാലും ന്യായവില ലഭിക്കുന്നതിനാലും കർഷകർ വെളുത്തുള്ളി കൃഷിയിലേക്ക് മാറുന്നത്. ഈ ഓണത്തിന് കാന്തല്ലൂർ മലനിരകളിൽനിന്നു വെളുത്തുള്ളിയായിരിക്കും കൂടുതലായി വിപണിയിലെത്തുക. കർഷകന് ന്യായവില നല്കി ഹോർട്ടികോർപ്പ് വെളുത്തുള്ളി സംഭരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

വട്ടവട, കാന്തല്ലൂർ മലപ്പൂണ്ട്

കാന്തല്ലൂർ, വട്ടവട വെളുത്തുള്ളിക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ഗുണവും രുചിയും മണവും കൊണ്ട് ഇന്ത്യയിലെ മറ്റേത് വെളുത്തുള്ളിയെക്കാളും ഒരുപടി മുന്നിലാണ് കാന്തല്ലൂർ വട്ടവട വെളുത്തുള്ളി.