മൂന്നു ദിവസംകൂടി സമയം അനുവദിച്ചു

ഉപ്പുതറ : സർക്കാർ കെട്ടിടത്തിൽ അനധികൃതമായി താമസിക്കുന്ന കുടുംബത്തെ ഒഴിപ്പിക്കാൻ കഴിഞ്ഞില്ല. മൂന്ന് ദിവസംകൂടി സമയം നൽകണമെന്ന് പഞ്ചായത്തംഗം ആവശ്യപ്പെട്ടതിനെ തുടർന്ന് തഹസിൽദാരും സംഘവും തിരികെ പോയി.

കാർഷിക ഡെമോൺസ്ട്രേഷൻ ഓഫീസ് കെട്ടിടത്തിൽ താമസിക്കുന്ന പതിയിൽ കുര്യനെയും കുടുംബത്തെയും ഒഴിപ്പിക്കാനാണ് റവന്യൂ-പഞ്ചായത്ത്-പോലീസ് അധികൃതർ വ്യാഴാഴ്ച എത്തിയത്. പ്രളയത്തിൽ വീടിന് കേടുപാടുണ്ടായതിനെ തുടർന്നാണ് ഇവരെ ഇവിടെ താത്‌കാലികമായി താമസിപ്പിച്ചത്.

പിന്നീട് വീട് നന്നാക്കാൻ 2.6 ലക്ഷം രൂപ അനുവദിച്ചിരുന്നു. മൂന്ന് മാസത്തിനകം വീട് നന്നാക്കി ഓഫീസ് കെട്ടിടം ഒഴിയണമെന്നായിരുന്നു നിബന്ധന. എന്നാൽ വ്യവസ്ഥകൾക്കുവിരുദ്ധമായി സർക്കാർ കെട്ടിടത്തിനോട് ചേർന്ന് കന്നുകാലിക്കൂട് നിർമിക്കുകയും ചുറ്റുമുള്ള സ്ഥലത്ത് കൃഷികൾ ചെയ്യുകയും ചെയ്തു. കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് പലതവണ പഞ്ചായത്തും വില്ലേജും നോട്ടീസ് നൽകിയെങ്കിലും ഫലമുണ്ടായില്ല. കൂടുതൽ നഷ്ടപരിഹാരം കിട്ടാതെ കെട്ടിടം ഒഴിയില്ലെന്ന നിലപാടിലായിരുന്നു കുര്യൻ.

ഒരാഴ്ച മുൻപ് ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിച്ചെങ്കിലും കളക്ടർ ഇടപെട്ട് ഇവർക്ക് മാറി താമസിക്കാൻ ഏഴു ദിവസംകൂടി സമയം അനുവദിക്കുകയായിരുന്നു.

ഈ സമയം കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാൻ തയ്യാറാകാതെവന്നതോടെയാണ് കളക്ടറുടെ നിർദേശപ്രകാരം വ്യാഴാഴ്ച രാവിലെ 11-ന് ഉദ്യോഗസ്ഥർ എത്തിയത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പഞ്ചായത്തംഗം സാബു വേങ്ങവേലിൽ നൽകിയ ഉറപ്പിൽ മൂന്നു ദിവസംകൂടി അവധി നൽകി പീരുമേട് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങി.

ഞായറാഴ്ചയ്ക്കകം കെട്ടിടം ഒഴിയണമെന്നും അല്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും പീരുമേട് തഹസിൽദാർ കെ.എസ്.സതീശൻ പറഞ്ഞു.