മറയൂർ : പട്ടികവർഗ ക്ഷേമവകുപ്പിന്റെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റുകൾ മാങ്ങാപ്പാറ കുടിയിൽ വിതരണം നടത്തുവാൻ പോയ സംഘം കാട്ടാനക്കൂട്ടത്തിനു മുന്നിൽപ്പെട്ടു.

അര മണിക്കൂർ നേരം വഴിയിൽനിന്ന മൂന്നു വലിയ ആനയും രണ്ടു കുട്ടികളുമടങ്ങിയ സംഘം വനത്തിനുള്ളിലേക്ക് മാറിയ ശേഷം മാത്രമാണ് ഇവർക്ക് ഭക്ഷ്യവസ്തുക്കൾ മാങ്ങാപ്പാറ കുടിക്കാർ കാത്തുനിന്നിരുന്ന ചുങ്കത്ത് എത്തിക്കാനായത്.

കാന്തല്ലൂർ പഞ്ചായത്തിൽ ചിന്നാർ വന്യജീവി സങ്കേതത്തിൽ തമിഴ്നാട് അതിർത്തിയോടു ചേർന്ന് വനത്തിനുള്ളിലെ ഒറ്റപ്പെട്ട കുടിയാണ് മാങ്ങാപ്പാറ മുതുവാൻ ഗോത്രവർഗ കോളനി. ഇവിടെ താമസിക്കുന്ന 18 കുടുംബാംഗങ്ങൾക്ക് കിറ്റുകളുമായി വാഹനത്തിൽ മറയൂർ ട്രൈബൽ ഓഫീസർ വി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച രാവിലെ 10 മണിക്ക്‌ പോയത്. ചിന്നാർ വനത്തിനുള്ളിൽ ചുങ്കം ഔട്ട് പോസ്റ്റ് വരെയാണ് വാഹനത്തിൽ പോകുവാൻ കഴിയുക. അവിടെനിന്നു തലച്ചുമടായി മാത്രമേ കുടിയിൽ സാധനങ്ങൾ എത്തിക്കാനാകൂ. ചമ്പക്കാടുനിന്നും ചുങ്കം പോകുന്ന വഴിക്കാണ് ആനകൾ കൂട്ടമായി എത്തിയത്.