ഉപ്പുതറ : ഓരോ ദിവസവും കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത് ഉപ്പുതറയിൽ ആശങ്ക വർധിപ്പിക്കുന്നു. ബുധനാഴ്ച 73 പേർക്കാണ് രോഗം സ്ഥിരികരിച്ചത്. കാറ്റാടിക്കവലയിൽ 350 പേരെ പരിശോധിച്ചപ്പോൾ 51 പേരിലും രോഗം കണ്ടെത്തി. സി.എച്ച്‌.സി.യിൽ 22 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ 5 പേർ അയ്യപ്പൻകോവിൽ പഞ്ചായത്തിൽ ഉള്ളവരാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിലും അൻപതിനോട് അടുത്തുള്ള പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒൻപതുപേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ലോക്ഡൗണോടൊപ്പം, കൂടുതൽ രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കൺടെയ്‌ൻമെന്റ് സോൺ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് പോലീസിനും ,ആരോഗ്യ പ്രവർത്തകർക്കും തലവേദന സൃഷ്ടിച്ചിട്ടുണ്ട്.