മൂന്നാർ : ലോക്ഡൗണിന്റെ മറവിൽ മൂന്നാർ മേഖലയിൽ വൻ കൈയേറ്റവും കെട്ടിട നിർമാണവും. ഇക്കാ നഗർ, എം.ജി.കോളനി, രാജീവ് ഗാന്ധി കോളനി എന്നിവിടങ്ങളിലാണ് സർക്കാർ ഭൂമി കൈയേറി കെട്ടിടങ്ങൾ നിർമിക്കുന്നത്.

നിലവിൽ മൂന്നിടങ്ങളിലുമായി ആറ് കെട്ടിടങ്ങളാണ് റവന്യൂവകുപ്പിന്റെ അനുമതിയില്ലാതെ സർക്കാർ ഭൂമി കൈയേറി നിർമിക്കുന്നത്. ഇക്കാ നഗറിൽ ഒന്നും രാജീവ് ഗാന്ധി കോളനിയിൽ രണ്ടും എം.ജി.കോളനിയിൽ മൂന്നും അനധികൃത കെട്ടിടങ്ങളാണ് നിർമിക്കുന്നത്. കൈയേറ്റക്കാരിൽ പലരും മുൻപ് പല സ്ഥലത്തും സർക്കാർ ഭൂമി കൈയേറി കെട്ടിടം നിർമിച്ച് വൻ തുകയ്ക്ക് മറിച്ചുവിറ്റവരാണ്. ‌

ലോക്ഡൗൺ കാലത്ത് റവന്യൂ ഉദ്യോഗസ്ഥരുടെ പരിശോധനകളും ഒഴിപ്പിക്കലും നിലച്ച തക്കംനോക്കിയാണ് പലരും കൈയേറ്റം നടത്തിയത്. കൂടാതെ മാസങ്ങൾക്ക് മുൻപ് സബ് കളക്ടറുടെ നേതൃത്വത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയ എം.ജി.കോളനിയിലെ പല കെട്ടിടങ്ങളുടെയും നിർമ്മാണം ഇതിനോടകം പൂർത്തിയായി. സെൻറിന് ലക്ഷങ്ങൾ വിലമതിക്കുന്ന സർക്കാർ ഭൂമിയാണ് ഒരു രേഖകളുമില്ലാതെ കൈയേറുന്നത്.