ഉപ്പുതറ : ശരങ്ങൾ മുറിച്ചുമാറ്റിയശേഷം ഏലത്തട്ടകൾ മോഷ്ടിച്ചു. മേരികുളം, ആറേക്കർ വേലൂത്താഴെ വി.ആർ.സജിയുടെ പുരയിടത്തിൽനിന്നും ബുധനാഴ്ച രാത്രിയിലാണ് ഏലത്തട്ടകൾ മോഷ്ടിച്ചത്. അൻപതോളം തട്ടകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. കായ്ച്ചു നിന്ന ഏലത്തിന്റെ ശരങ്ങൾ മുറിച്ചു മാറ്റിയ ശേഷമാണ് തട്ടകൾ പറിച്ചെടുത്തത്. കമ്പി ഉപയോഗിച്ച് പിഴുതുമാറ്റിയപ്പോൾ അവശേഷിക്കുന്ന തട്ടകൾക്ക് ക്ഷതമേറ്റിട്ടുണ്ട്.

ബൈക്കിന് തീയിട്ടു

നെടുങ്കണ്ടം : വീടിനു സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിന് സാമൂഹികവിരുദ്ധർ തീയിട്ടതായി പരാതി. മാവടി സ്വദേശി ഗുരുസ്വാമിയുടെ വാഹനമാണ് കത്തിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ബൈക്കിൽ പെട്രോൾ ഒഴിച്ചശേഷം കുറച്ചു ദൂരത്തിൽ പെട്രോൾ ഒഴിച്ചു. ശേഷം തീയിടുകയായിരുന്നു. തീയാളുന്നതുകണ്ട് വീട്ടുകാർ വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്. പരാതിയെ തുടർന്ന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രണ്ട് മാസം മുൻപും മാവടിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ബൈക്കുകൾ കത്തിച്ചിരുന്നു.