മൂന്നാർ : ദേവികുളത്ത് പ്രവർത്തിക്കുന്ന ഇടമലക്കുടി പഞ്ചായത്ത് ഓഫീസിലെ നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. താത്കാലികമായി ഓഫീസ് അടച്ചു. ദേവികുളത്തെ പഞ്ചായത്തോഫീസിൽ രോഗം സ്ഥിരീകരിച്ചെങ്കിലും ഇടമലക്കുടി പഞ്ചായത്തിൽ ഇതുവരെ ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല.

സെക്രട്ടറിയടക്കമുള്ള ജീവനക്കാർക്കാണ് രോഗം പിടിപെട്ടത്. 13 ജീവനക്കാരാണ് പഞ്ചായത്തിലുള്ളത്. ബാക്കി 11 പേർ നിരീക്ഷണത്തിലായതോടെയാണ് പഞ്ചായത്ത് ഓഫീസ്‌ അടച്ചത്.

സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ ഓഫീസ് ദേവികുളത്താണ് പ്രവർത്തിക്കുന്നത്. ലോക്ഡൗണിനെ തുടർന്ന് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇടമലക്കുടിയിൽ നിന്നു വിവിധ ആവശ്യങ്ങൾക്കായി ആരും പഞ്ചായത്ത് ഓഫീസിൽ എത്തുന്നില്ല. ക്വാറൻറീൻ കാലാവധി പൂർത്തിയായാലുടൻ ഓഫീസ് തുറന്നു പ്രവർത്തിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആർക്കെങ്കിലും അത്യാവശ്യ സേവനങൾ ആവശ്യമുണ്ടെങ്കിൽ പഞ്ചായത്തംഗങ്ങൾ മുഖേന അറിയിച്ചാൽ സേവനം ലഭ്യമാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംസ്ഥാനത്ത് ഒരാൾക്കുപോലും കോവിഡ് ബാധിക്കാത്ത ഏക പഞ്ചായത്താണ് ഇടമലക്കുടി.