നെടുങ്കണ്ടം : കോവിഡ് രോഗിയെ ആശുപത്രിയിലാക്കി മടങ്ങുന്നതിനിടെ ആംബുലൻസ് ഡ്രൈവറെ മദ്യപസംഘം ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികളെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പക്കണ്ടം തടത്തരികത്ത് പുത്തൻവീട്ടിൽ സുനിൽ തുളസി (29), നെല്ലിക്കുന്നേൽ എബിൻ ബാബു (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രി 11.30-ഓടെയാണ് നെടുങ്കണ്ടം പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആംബുലൻസിന്റെ ഡ്രൈവറായ താന്നിമൂട് സ്വദേശി വിഷ്ണു വിജയനു നേരേയാണ് ആക്രമണം നടന്നത്. കിഴക്കേക്കവലയിൽ ഓട്ടോറിക്ഷയിലെത്തിയ ആറംഗ സംഘം ആംബുലൻസ് തടഞ്ഞിട്ട് ഡ്രൈവറെ മർദിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ ആറുപേർ ഉണ്ടായിരുന്നെങ്കിലും പിടിയിലായ പ്രതികളാണ് ആംബുലൻസ് ഡ്രൈവറെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. ലോക്‌ഡൗൺ കാലത്ത് പ്രതികൾക്ക് മദ്യം എവിടെനിന്ന്‌ ലഭിച്ചുവെന്നത്‌ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

മുൻവൈരത്തെത്തുടർന്നാണ് ആംബുലൻസ് ഡ്രൈവറെ പ്രതികൾ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വിഷ്ണുവും നെടുങ്കണ്ടം പഞ്ചായത്തും പോലീസിൽ പരാതി നൽകിയിരുന്നു. ആക്രമണത്തിൽ ആംബുലൻസിനും ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.