തൊടുപുഴ : ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റ് സ്ഥാപിക്കുമെന്ന് നിയുക്ത എം.എൽ.എ. പി.െജ.ജോസഫ്. ഒരുകോടിയോളം രൂപ എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നൽകും.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ധനകാര്യ വകുപ്പിൽ നിന്ന് പ്രത്യേകാനുമതി വാങ്ങും. തൊടുപുഴ മേഖലയിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

അന്തരീക്ഷത്തിൽ നിന്ന് വാക്വം കംപ്രസർ ഉപയോഗിച്ച് പ്ലാന്റിലൂടെ ഓക്സിജൻ ഉത്‌പാദിപ്പിക്കും. പ്രതിദിനം അറുപതിലധികം സിലിൻഡർ ഓക്സിജൻ ഉത്‌പാദിപ്പിക്കാനാകും.

ഇതു സംബന്ധിച്ച കാര്യങ്ങൾ അധികൃതരുമായി പി.ജെ.ജോസഫ് ചർച്ച നടത്തി. നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം.എൽ.എ. ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.