അടിമാലി : താലൂക്കാശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കാൻ നടപടിയില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള പഞ്ചായത്തുകളിലൊന്നാണ് അടിമാലി. ദിവസവും 60മുതൽ 80വരെ രോഗികൾ പഞ്ചായത്തിലുണ്ട്. അടിയന്തര സാഹചര്യം നേരിടുന്നതിനായി പ്ലാന്റ് സ്ഥാപിക്കണമെന്നാണ് ആവശ്യം.

കോവിഡ്‌ ചികിത്സയ്ക്കുള്ള പുതിയ മാർഗരേഖയിൽ എല്ലാ പനി ക്ലിനിക്കുകളും കോവിഡ് ക്ലിനിക്കുകളാക്കാനാണ് തീരുമാനം. 31 വരെ സർക്കാർ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് പ്രാധാന്യം നൽകുമെന്നും താലൂക്കാശുപത്രികളിൽ ഓക്സിജൻ കിടക്കകൾ ഒരുക്കുമെന്നും മാർഗരേഖയിൽ പറയുന്നു. ജില്ലയിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഓക്സിജൻ പ്ലാന്റ് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, അടിമാലി താലൂക്കാപത്രിയിൽ ഇതിനുള്ള സംവിധാനം ഇതുവരെ ഒരുക്കിയിട്ടില്ല.

ഇപ്പോൾ ബ്ലോക്ക് പഞ്ചായത്തിന്റെയും വികസന സമിതിയുടെയും ഫണ്ട് ഉപയോഗിച്ചാണ് ഓക്സിജൻ സിലിൻഡറുകൾ വാങ്ങുന്നത്. എല്ലാ വാർഡിലും രോഗികൾക്ക് ഓക്സിജൻ നൽകുന്നതിനുള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള തുടർനടപടി ഉണ്ടായിട്ടില്ല. അതിനുള്ള നടപടി വൈകരുതെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണമൂർത്തി പറഞ്ഞു. ഇരുമ്പുപാലത്ത് പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി.സി.യിൽപോലും ആവശ്യത്തിന് ഓക്സിജൻ സിലിൻഡറുകൾ ലഭിക്കുന്നില്ല.