രാജാക്കാട്/മൂന്നാർ : ജില്ലയിലെ രണ്ട് തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബി.ജെ.പിയും ഒരോയിടത്ത് വീതം വിജയിച്ചു. സി.പി.എമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി. രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡ് കോൺഗ്രസ് നിലനിർത്തി.

പ്രിൻസ് തോമസാണ് വിജയിച്ചത്. ഇടമലക്കുടിയിലെ സി.പി.എമ്മിന്റെ സിറ്റിങ് വാർഡായ വടക്കേ ഇഡലിപ്പാറക്കുടിയിൽ ബി.ജെ.പി. അട്ടിമറി വിജയം. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ബി.ജെ.പി.യുടെ ചിന്താമണി കാമരാജിന്റെ(44) ജയം.

ഇടമലക്കുടിയിൽ ബി.ജെ.പിക്ക് നാല്

ഒൻപതാം വാർഡായ വടക്കേ ഇഡലിപ്പാറ കുടിയിൽ ആകെയുള്ള 132 വോട്ടർമാരിൽ 92 പേർ വോട്ടുചെയ്തു. ചിന്താമണി കാമരാജിന് 39 വോട്ട് ലഭിച്ചു.

സി.പി.എമ്മിലെ ശ്രീദേവി രാജ മുത്തുവിന് 38 വോട്ടാണ് ലഭിച്ചത്. കോൺഗ്രസിന്‍റെ ചന്ദ്ര പരമശിവന് 15 വോട്ട് ലഭിച്ചു.

ഈ വിജയത്തോടെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ബി.ജെ.പി.ക്ക് നാല് അംഗങ്ങളായി. ആറ് അംഗങ്ങളുള്ള കോൺഗ്രസിനാണ് പഞ്ചായത്തിന്റെ ഭരണം.

ഈ പരാജയത്തോടെ സി.പി.എമ്മിന്റെ അംഗസംഖ്യ ഒന്നായി കുറഞ്ഞു. സി.പി.ഐ.യ്ക്ക് ഒരു അംഗമുണ്ട്. സി.പി.എമ്മിലെ ഉത്തമ്മാൾ ചിന്നസ്വാമിയുടെ മരണത്തെ തുടർന്നാണ് വടക്കേ ഇഡലി പാറയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ആണ്ടവൻ കുടിയിലെ ബി.ജെ.പി. അംഗമായിരുന്ന കാമാക്ഷിയുടെ മരണത്തെ തുടർന്ന് ഒരുസീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടുത്തെ തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.

കുരിശുംപടിയിൽ മധുരപ്രതികാരം

വലിയഭൂരിപക്ഷത്തിലാണ് രാജാക്കാട് ഒൻപതാം വാർഡ് കുരിശുംപടി കോൺഗ്രസ് നിലനിർത്തിയത്.

കോൺഗ്രസ് സ്ഥാനാർഥി പ്രിൻസ് തോമസ് 678 വോട്ട് നേടിയപ്പോൾ സി.പി.ഐ.യുടെ കെ.പി. അനിലിന് 249 വോട്ട് മാത്രമേ ലഭിച്ചുള്ളു.

429 വോട്ടിന്റെ ഭൂരിപക്ഷം. 2010-ൽ ഇരുവരും ഇതേ വാർഡിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് നാല് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അനിലാണ് ജയിച്ചത്.

1133 വോട്ടർമാരിൽ 923 പേരും സമ്മതിദാനം വിനിയോഗിച്ചു. നാലുതപാൽ വോട്ടുമുണ്ടായി. ബി.ജെ.പി. ക്ക് ഇത്തവണ സ്ഥാനാർഥി ഇല്ലായിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 168 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിലെ റെജി പനച്ചിക്കൽ വിജയിച്ചത്. ്അദ്ദേഹത്തിന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൂന്നുതവണ മത്സരിച്ച് വിജയിച്ചിട്ടുള്ള സി.പി.ഐ. ജില്ലാ കമ്മിറ്റി അംഗം കൂടിയായ അനിൽ ഇത്തവണ പാർട്ടി നേതൃത്വത്തിന്റെ പ്രത്യേക അനുമതിയോടെ മത്സരിച്ചത്.

13 വാർഡുകളുള്ള രാജാക്കാട് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഏഴ് സീറ്റുകളുള്ളതിനാൽ ഭരണപ്രതിസന്ധിയില്ല.

മുൻ വർഷങ്ങളിലെല്ലാം ഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്ന സി.പി.ഐ.ക്ക് ഇത്തവണ സീറ്റൊന്നുമില്ല. സി.പി.എം.-അഞ്ച്, കേരളാ കോൺഗ്രസ് എം.- രണ്ട്, കോൺഗ്രസ്-അഞ്ച്, കേരള കോൺഗ്രസ്- ഒന്ന് എന്നതാണ് നിലവിലെ കക്ഷിനില. വാർഡ് തിരിച്ചുപിടിക്കാൻ ഇടതുമുന്നണി വൻപ്രചാരണം അഴിച്ചുവിട്ടിട്ടും ഫലമുണ്ടായില്ല.