കട്ടപ്പന : ഗാഡ്ഗിൽ, കസ്തുരിരംഗൻ റിപ്പോർട്ടുകളിൽ യു.ഡി.എഫ്. സ്വീകരിച്ച ജനവഞ്ചനയുടെ മുഖം അഴിഞ്ഞുവീണെന്നും ഇടുക്കിയിലെ കർഷകർ നയിച്ച പോരാട്ടം വിജയംകണ്ടെന്നും മുൻ എം.പി.ജോയിസ് ജോർജ് പറഞ്ഞു.

കസ്തൂരിരംഗൻ വിഷയത്തിൽ പറഞ്ഞതൊന്നും ഒരുഘട്ടത്തിലും മാറ്റിപ്പറയേണ്ടി വന്നിട്ടില്ലാത്ത ഇടതുപക്ഷവും കർഷക സംഘടനകളും എടുത്ത നിലപാടുകൾ ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. 2018-ൽ ഞാൻ എം.പി.യായിരിക്കെ ഇടതുപക്ഷനേതാക്കളും സംസ്ഥാന സർക്കാരും ചേർന്ന് കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു. കഴിഞ്ഞ ദിവസം ധനമന്ത്രിയുമായി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്രയാദവ് നടത്തിയ ചർച്ചയിലും ഇക്കാര്യം വ്യക്തമാക്കി. വനത്തിനുള്ളിൽ മാത്രം ഇ.എസ്.എ. നിജപ്പെടുത്തുകയും കൃഷി, തോട്ടം, ടൗൺഷിപ്പുകൾ, ജനവാസകേന്ദ്രങ്ങൾ എന്നിവയെ പൂർണമായും ഒഴിവാക്കി സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ടാണ് കേന്ദ്രം അംഗീകരിച്ചത്.

പിണറായി സർക്കാർ നൽകിയ റിപ്പോർട്ട് പ്രകാരം കൃഷിയിടങ്ങളിൽനിന്ന് ജണ്ടയിട്ട് വേർതിരിച്ചിട്ടുള്ള വനംമാത്രമാണ് ഇനി പരിസ്ഥിതി ലോലപ്രദേശത്തിൽ ഉൾപ്പെടുക.

സംസ്ഥാന സർക്കാർ നൽകിയ ശുപാർശ അംഗീകരിക്കരുതെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ട ഡീൻ കുര്യക്കോസിന്റെ യഥാർഥമുഖം മലയോര ജനത തിരിച്ചറിയുകയാണെന്നും ജോയ്സ് ജോർജ് പറഞ്ഞു.