മറയൂർ : ഇത്തവണ വിഷുവിപണികളിൽ കാന്തല്ലൂർ ശീതകാല പച്ചക്കറികളെത്തില്ല. മുമ്പ് നൽകിയ പച്ചക്കറിക്ക് വർഷങ്ങളായിട്ടും വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകുന്നത് നിർത്തി. മാർച്ചുവരെ പച്ചക്കറി കയറ്റിവിട്ടിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം പച്ചക്കറി കയറ്റിവിട്ടതിന് രണ്ടുലക്ഷം രൂപയാണ് ഹോർട്ടികോർപ്പ് കാന്തല്ലൂരിലെ കർഷകർക്ക് നൽകാനുള്ളത്. വിളവെടുക്കാറായ കാരറ്റ്, കാബേജ് എന്നിവ വാങ്ങാൻ ആളില്ലാതെ പലയിടത്തും ചീഞ്ഞുനശിക്കുന്നുണ്ട്. കിട്ടുന്നവിലയ്ക്ക് കർഷകർ പച്ചക്കറി നൽകുന്നു.

മുന്പ് സംഘം നിർത്തി, ഇപ്പോൾ വിപണിയും

കാന്തല്ലൂരിൽനിന്ന് ഹോർട്ടികോർപ്പിനുവേണ്ടി പച്ചക്കറി സംഭരിക്കുന്നത് കാന്തല്ലൂർ ശീതകാല പച്ചക്കറി വിപണനസംഘവും വി.എഫ്.പി.സി.കെ. ലേലവിപണിയുമാണ്. സംഘത്തിലെ അംഗങ്ങൾ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകിയ ഇനത്തിൽ 12 ലക്ഷംരൂപ ലഭിക്കാനുണ്ട്. ഒരുവർഷം മുമ്പ് സംഘം കുടിശ്ശിക ലഭിക്കാത്തതിനാൽ പച്ചക്കറി നൽകുന്നത് നിർത്തിവെച്ചു. ലേലവിപണിക്ക് 2020 ഡിസംബർ വരെ 10.32 ലക്ഷം രൂപയും നൽകാനുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പച്ചക്കറി നൽകിയതിന് രണ്ടുലക്ഷം രൂപ വേറെയും. കുടിശ്ശിക ലഭിക്കാത്തതിനാൽ ലേലവിപണിയും ഏപ്രിൽ മുതൽ ഹോർട്ടികോർപ്പിന് പച്ചക്കറി നൽകുന്നത് നിർത്തിവെച്ചു.

വാങ്ങാൻ സഞ്ചാരികളും ഇടനിലക്കാരും

സർക്കാർ ഏജൻസികൾക്ക് പച്ചക്കറി നൽകുന്നത് നിർത്തിവെച്ചിരിക്കുന്നതിനാൽ ഇടനിലക്കാരും ചെറുകിട വ്യാപാരികളുമാണ് കാന്തല്ലൂരിൽനിന്ന് ഇപ്പോൾ കുറഞ്ഞവിലയ്ക്ക് പച്ചക്കറി വാങ്ങിവരുന്നത്. കൂടാതെ ശീതകാല പച്ചക്കറിപ്പാടങ്ങൾ സന്ദർശിച്ചുവരുന്ന സഞ്ചാരികളും ന്യായവില നൽകി പച്ചക്കറി വാങ്ങിവരുന്നു.

എല്ലായിടത്തും കർഷകചൂഷണം

കാരറ്റിന് 21 രൂപയും കാബേജിന് 11 രൂപയുമാണ് സർക്കാർ താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, കാന്തല്ലൂരിൽനിന്ന് പച്ചക്കറി സംഭരിക്കുന്ന ഹോർട്ടികോർപ്പ് കാബേജിന് നൽകുന്നത് ഒൻപതുരൂപ മാത്രമാണ്. കാരറ്റിന് 21 രൂപയും നൽകിവരുന്നു. എന്നാൽ, വിപണിയിൽ കാന്തല്ലൂർ പച്ചക്കറി ഇരട്ടിവിലയ്ക്കാണ് വിറ്റുവരുന്നത്. ഒരുവശത്ത് സർക്കാർ ഏജൻസികൾതന്നെ കർഷകരെ പറ്റിക്കുന്നു. മറുവശത്ത് അതിനും വിലകുറച്ചാണ് സ്വകാര്യ വ്യാപാരികൾ പച്ചക്കറി വാങ്ങുന്നത്.

മുഖം തിരിച്ച് അധികൃതർ

കുടിശ്ശിക ലഭിക്കാത്തതിനാൽ കൃഷിമന്ത്രിക്കും ഹോർട്ടികോർപ്പ് അധികൃതർക്കും കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും ഒട്ടേറെ നിവേദനം നൽകിയിരുന്നു. എപ്പോൾ പരാതിപ്പെട്ടാലും ‘ഇപ്പോൾ ശരിയാക്കിത്തരാം’ എന്ന മറുപടിയാണ് സ്ഥിരമായി കിട്ടുന്നത്.

കർഷകർ സമരത്തിലേക്ക്

കാലാവസ്ഥാ വ്യതിയാനത്തോടും വന്യജീവി ആക്രമണത്തോടും പടപൊരുതി വിളകൾ വിളയിച്ചെടുക്കുന്ന കർഷകന് വർഷങ്ങളായി നൽകാനുള്ള കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണവർ. ന്യായവില ലഭിക്കാത്തതിനാൽ പലരും കൃഷിയിൽനിന്ന് പിൻമാറി ഗ്രാൻറിസ് മരങ്ങൾ നടുന്നു.