നെടുങ്കണ്ടം : ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഇരട്ടവോട്ട് വിവാദം കെട്ടടങ്ങിയിട്ടില്ലെങ്കിലും മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണത്തേക്കാൾ പോളിങ് ശതമാനം കുറഞ്ഞെങ്കിലും തങ്ങളുടെ വോട്ടുകളെല്ലാം പോൾചെയ്‌തെന്നാണ് എൽ.ഡി.എഫ്. അവകാശപ്പെടുന്നത്. എന്നാൽ, ഇത്തവണത്തെ കർശന നടപടികൾമൂലം ഇരട്ടവോട്ടുകൾ കുറഞ്ഞതാണ് പോളിങ് ശതമാനം കുറയാൻ കാരണമായതെന്ന് യു.ഡി.എഫും എൻ.ഡി.എ.യും പറയുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 2.23 ശതമാനത്തിന്റെ കുറവാണ് ഇക്കുറി ഉടുമ്പൻചോല മണ്ഡലത്തിലുണ്ടായത്. 2016-ലെ തിരഞ്ഞെടുപ്പിൽ 75.56 ആയിരുന്നു പോളിങ് ശതമാനം. ഇക്കുറി ഇത് 73.33 ആയി. നിയോജകമണ്ഡലത്തിലെ 1,67,459 വോട്ടർമാരിൽ 1,22,804 പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിങ് നടന്നത് സേനാപതി പഞ്ചായത്തിലാണ്. 77.49 ശതമാനം. 9732 പേരിൽ 7541 പേർ വോട്ടുരേഖപ്പെടുത്തി. ഏറ്റവുംകുറവ് പോളിങ് ശാന്തൻപാറ പഞ്ചായത്തിലാണ്. 66.23 ശതമാനം. 12,419 വോട്ടർമാരിൽ 8225 പേർ വോട്ട് ചെയ്തു.

പഞ്ചായത്തുകളിലെ കണക്ക്

രാജാക്കാട് പഞ്ചായത്ത് 76.02 ആണ് പോളിങ് ശതമാനം. ഇവിടെ 12,478 പേരിൽ 9486 പേർ വോട്ടുചെയ്തു. 73.54 ആണ് രാജകുമാരിയിലെ വോട്ടിങ് ശതമാനം. 13,083 വോട്ടർമാരിൽ 9621 പേർ വോട്ട് രേഖപ്പെടുത്തി.

ഉടുമ്പൻചോലയിൽ 72.14, നെടുങ്കണ്ടത്ത് 74.48, പാമ്പാടുംപാറയിൽ 74.05, കരുണാപുരത്ത് 74.73, വണ്ടൻമേട്ടിൽ 71.53, ഇരട്ടയാറിൽ 72.05 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

വോട്ടുകളുടെ എണ്ണം പരിഗണിച്ചാൽ ഏറ്റവും കൂടുതൽ വോട്ടുരേഖപ്പെടുത്തിയത് നെടുങ്കണ്ടം പഞ്ചായത്തിലാണ്. ആകെയുള്ള 33,609 വോട്ടർമാരിൽ 25,032 പേരും വോട്ടുരേഖപ്പെടുത്തി. ഉടുമ്പൻചോലയിൽ 10,552-ൽ 7612-ഉം പാമ്പാടുംപാറയിൽ 13,273-ൽ 9828-ഉം കരുണാപുരത്ത് 25,072-ൽ 18,748-ഉം വണ്ടൻമേട്ടിൽ 21,456-ൽ 15,348-ഉം ഇരട്ടയാറിൽ 15,770-ൽ 11,363-ഉം പേരാണ് വോട്ടുരേഖപ്പെടുത്തിയത്.

ചോറ്റുപാറ ഗവ.യുപി.സ്കൂളിലെ 146-ാം ബൂത്തിലാണ് ഏറ്റവുംകൂടുതൽ വോട്ട് രേഖപ്പെടുത്തിയത്. 782 പേരാണ് ഇവിടെ വോട്ടുചെയ്തത്.

ചേരിയാർ അങ്കണവാടിയിലെ 41-എ ബൂത്തിലാണ് ഏറ്റവും കുറവ് വോട്ടുരേഖപ്പെടുത്തിയത്. 180 പേരാണ് ഇവിടെ വോട്ടുചെയ്തത്. ചേമ്പളം സെന്റ് മേരീസ് സ്കൂളിലെ നെടുങ്കണ്ടം പഞ്ചായത്തിൽ ഉൾപ്പെട്ട 106-ാം നമ്പർ ബൂത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം. ഇവിടെ 82.28 ശതമാനം പോളിങ്ങാണ് നടന്നത്.