വണ്ണപ്പുറം : വണ്ണപ്പുറം, കരിമണ്ണൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ശിവരാമൻ കുത്തുകലുങ്ക് നിർമാണം തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു. എന്നിട്ടും പണി പാതി വഴിയിൽ

വർഷങ്ങളായുള്ള നാട്ടുകാരുടെ പരിശ്രമ ഫലമായിട്ടാണ് മുമ്പ്‌ ഇവിടെ നടപ്പാത പണിതത്. എന്നാൽ അധികകാലം കഴിയും മുൻപ് ഈ നടപ്പാതയുടെ കെട്ടിടിയുകയും അപകടത്തിലാവുകയും ചെയ്തു. പിന്നീട് വർഷങ്ങൾ കാത്തിരുന്നതിന് ശേഷമാണ് കലുങ്ക് പണിക്ക് അനുമതി കിട്ടിയത്. 2018-ൽ നിർമാണം ആരംഭിച്ചെങ്കിലും മന്ദഗതിയിലായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടെങ്കിലും കരാറുകാരൻ പാടെ അവഗണിക്കുകയായിരുന്നു. ഇന്നും ഒരു വണ്ടിക്ക്‌ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് കലുങ്കുള്ളത്.

അപകടത്തിന് സാധ്യത

കലുങ്കിനായി കോൺക്രീറ്റ് ചെയ്ത റോഡിന്റെ ഇരുവശത്തും നാലടിയിലധികം താഴചയുണ്ട്. കൂടാതെ സ്വകാര്യ കിണറും റോഡിനോട് ചേർന്നാണ്. അശ്രദ്ധമായി ആരെങ്കിലും ഇതുവഴി വന്നാൽ അപകടമുണ്ടാകുമെന്നത് ഉറപ്പാണ്. കലുങ്കിന് അപ്രോച്ച് റോഡോ കലുങ്കിനും റോഡരുകിലും കൈവരികളോ പിടിപ്പിക്കാനുള്ള പ്രാരംഭ നടപടി പോലും സ്വീകരിച്ചിട്ടില്ല. കലുങ്കിന്റെ വശങ്ങളിലെ കൽക്കെട്ടുകളുടെ പണി പാതിവഴിയിൽ നിർത്തിയിരിക്കുന്നതിനാൽ മഴ പെയ്താൽ പോലും വലിയ അപകടങ്ങൾ ഉണ്ടായേക്കാം.

കരാറുകാരൻ പറയുന്നു

കാലവർഷക്കെടുതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മൂന്നുവർഷ കാലാവധിയുണ്ടെന്നും അതിനുള്ളിൽ പണിതീർത്താൽ മതിയെന്നും കരാറുകാരൻ പറയുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിരന്തരം കാലാവധി നീട്ടി വാങ്ങുകയും അതിനനുസരിച്ചു കരാർ തുക വർധിപ്പിച്ചു അവിഹിതമായി ലാഭം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.

ഇങ്ങനെ പോരെന്ന് നാട്ടുകാർ

ആനചാടിക്കുത്ത് ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരാമെന്നിരിക്കെ കലുങ്ക് നിർമാണം വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കലുങ്കുപണി വൈകാതെ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ രാജീവ്‌ ഭാസ്കരൻ പറഞ്ഞു