നെടുങ്കണ്ടം : ഇരട്ടവോട്ടുകൾക്കെത്തിയവരെയും വാഹനവും വിട്ടുനൽകിയ നെടുങ്കണ്ടം പോലീസിന്റെ നടപടി കള്ളവോട്ടിന് ഒത്താശ ചെയ്യുന്നതാണെന്ന് ഉടുമ്പൻചോലയിലെ യു.ഡി.എഫ്.സ്ഥാനാർഥി അഡ്വ. ഇ.എം.ആഗസ്തി പറഞ്ഞു

ഹൈക്കോടതി വിധിയെ മറികടക്കാനാണ് സി.പി.എം. ശ്രമിച്ചത്. ഇരട്ടവോട്ടുകൾ തടയണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ നെടുങ്കണ്ടം പോലീസ് തയാറായില്ല. യാതൊരു അന്വേഷണവും നടത്താതെ കുറ്റക്കാരെ വിട്ടയയ്ക്കുകയാണുണ്ടായത്. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി ഇരട്ടവോട്ട് പ്രശ്‌നത്തിൽ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിക്കുമെന്നും ആഗസ്തി പറഞ്ഞു. പിടികൂടിയവരിൽനിന്നും കണ്ടെത്തിയ രാസപദാർഥങ്ങൾ ലാബിൽ പരിശോധനയ്ക്ക് അയക്കുകയും പിടികൂടിയവരെ ദേഹപരിശോധന വൈദ്യപരിശോധന എന്നിവ നടത്തുകയും ചെയ്യേണ്ടതാണ്. എന്നാൽ, ഈ കേസിൽ ഇതൊന്നും നടത്താതെ പിടികൂടിയവരെ സി.പി.എമ്മിന്റെ നിർദേശപ്രകാരം വിട്ടയച്ചു. നെടുങ്കണ്ടം പോലീസിനെ മാറ്റിനിർത്തി സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തണം. ഇരട്ടവോട്ടുകൾ പൂർണമായും തടയാനായില്ലെങ്കിലും ഉടുമ്പൻചോലയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ആഗസ്തി പറഞ്ഞു. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ്.വിജയിക്കുമെന്ന് ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും പറഞ്ഞു.