തൊടുപുഴ : തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ആവേശം കെട്ടടങ്ങാതെ മുന്നണി ക്യാമ്പുകൾ. ജില്ലയിലെ പോളിങ് ശതമാനം കുറഞ്ഞതോടെ പെട്ടിയിൽവീണ വോട്ടുകൾ കൂട്ടിയും കിഴിച്ചും വിജയസാധ്യത വിലയിരുത്തുകയാണവർ. താഴേത്തട്ടിൽനിന്നും ബൂത്തുകളിൽനിന്നും ശേഖരിച്ച കണക്കുകൾവെച്ചാണ് മുന്നണികളുടെ കണക്കുകൂട്ടൽ. ചിലയിടത്ത് ജയപരാജയങ്ങൾ ഉറപ്പിച്ചെങ്കിലും എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന പ്രതികരണമാണ് എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ പറയുന്നത്. ജില്ലയിൽ ഒരു സീറ്റ് ഉറപ്പാണെന്ന് എൻ.ഡി.എ.യും പറയുന്നു. എങ്കിലും കണക്കുകൾ ക്രോഡീകരിച്ച് വിജയസാധ്യത നിശ്ചയിക്കുന്നതിന് രണ്ടോ മൂന്നോ ദിവസമെടുക്കും.

കനത്ത പോരാട്ടം, പക്ഷേ...

ജില്ലയിലെ അഞ്ചുമണ്ഡലത്തിലും കനത്ത പോരാട്ടം നടന്നെങ്കിലും അതിലെ ആവേശം ജനങ്ങളിലേക്കെത്തിയില്ലെന്ന വിലയിരുത്തലാണുള്ളത്.

മുൻ തിരഞ്ഞെടുപ്പുകളേക്കാൾ കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തിയതാണ് ഇതിനുകാരണം. ഒരു മുന്നണിക്കുമാത്രം അനുകൂലമായ വിധിയെഴുത്ത് ജില്ലയിലുണ്ടായിട്ടില്ലെന്നുള്ളതിന്റെ സൂചനയാണ് ഇതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. തൊടുപുഴ മണ്ഡലത്തിലടക്കം വോട്ടിങ് ശതമാനം കഴിഞ്ഞതിനേക്കാൾ കുറവായിരുന്നു. വോട്ടിങ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമായ ട്രെൻഡാണെന്നാണ് രാഷ്ട്രീയപാർട്ടികൾ അവകാശപ്പെടുന്നത്.

ബൂത്തിലെ കണക്കെടുപ്പ്

ജില്ലയിലെ എല്ലാ ബൂത്തുകളിലെയും കണക്കെടുത്താണ് ഇത്തവണയും എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ. ആരൊക്കെ അനുകൂലമായും പ്രതികൂലമായും ചെയ്തിരിക്കാമെന്ന് ബൂത്ത് ഏജന്റുമാരുടെ കൈയിൽനിന്ന് കണക്കുകൾ ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ക്രോഡീകരിച്ചായിരിക്കും സാധ്യതകൾ നിശ്ചയിക്കുക. ജില്ലയിൽ കുറഞ്ഞത് നാലുസീറ്റെങ്കിലും കിട്ടുമെന്നാണ് മുന്നണിയുടെ പ്രതീക്ഷ.

പ്രചാരണത്തിലെ പ്രതീക്ഷ

ആദ്യഘട്ടത്തിൽ പിന്നോട്ടുപോയെങ്കിലും പ്രചാരണത്തിൽ ഒപ്പത്തിനൊപ്പമെത്താൻ കഴിഞ്ഞതിലാണ് യു.ഡി.എഫിന്റെ വിജയപ്രതീക്ഷ.

വിശദമായ കണക്കെടുപ്പില്ലെങ്കിലും ഭരണമാറ്റത്തിനായി ന്യൂനപക്ഷ വിഭാഗങ്ങൾ തങ്ങൾക്ക് അനുകൂലമായി ചിന്തിച്ചിട്ടുണ്ടെന്ന പ്രതീക്ഷയാണ് അവർ പങ്കുവെയ്ക്കുന്നത്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിട്ടതും അടിയൊഴുക്കുകൾ തടയാൻ കഴിഞ്ഞതുമെല്ലാം മുന്നണിക്ക് ആത്മവിശ്വാസം നൽകുന്നു. ഇത്തവണ അഞ്ചും നേടുമെന്നും കാലങ്ങൾക്കുശേഷം പാർട്ടിക്ക് എം.എൽ.എ.യുണ്ടാകുമെന്നും മുന്നണി നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പോളിങ് നിരക്ക് ബൂത്തുകളിൽ

തൊടുപുഴ : ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുരേഖപ്പെടുത്തിയ ബൂത്തും കുറവ് വോട്ടുരേഖപ്പെടുത്തിയ ബൂത്തും പീരുമേട് മണ്ഡലത്തിലാണ്.

സെന്റ് തോമസ് ഹൈസ്കൂൾ അട്ടപ്പള്ളം (വടക്ക് ഭാഗം) 88-ാം നമ്പർ ബൂത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ രേഖപ്പെടുത്തിയത്, 806. ഇവിടെ ആകെയുള്ളത് 1005 വോട്ടർമാരാണ്. ജില്ലയിൽ ഏറ്റവും കുറവ് വോട്ടുരേഖപ്പെടുത്തിയത് പീരുമേട് മണ്ഡലത്തിലെ കുമളി പച്ചക്കാനം 106-ാം ബൂത്ത് പഞ്ചായത്ത് അങ്കണവാടിയിലാണ്. 29 വോട്ടർമാരിൽ അഞ്ചുപേർമാത്രമാണ് ഇവിടെ വോട്ടുചെയ്തത്.