തൊടുപുഴ : വിവിധ കാരണങ്ങളാൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കാനാകാതെ സർക്കാരിതര ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികളെ മറ്റൊരു കുടുംബത്തിൽ അവധിക്കാലത്ത് പോറ്റിവളർത്തുന്നതിന് അവസരമൊരുങ്ങുന്നു.

ആറ് മുതൽ 16 വരെ പ്രായമുള്ള കുട്ടികളെയാണ് മറ്റൊരു കുടുംബത്തിൽ പോറ്റിവളർത്താനാവുക. ജില്ലാ ശിശു സംരക്ഷണ യൂണിറ്റാണ് ഇതിന് അവസരമൊരുക്കുന്നത്. കുട്ടികളെ അവധിക്കാലത്ത് സംരക്ഷിക്കാൻ സന്നദ്ധരായ 35 വയസ്സ് പൂർത്തിയായ ദമ്പതിമാർക്ക് ഇതിനായി അപേക്ഷിക്കാം. കുട്ടികൾ ഉള്ളവർക്കും അപേക്ഷ നൽകാവുന്നതാണ്.

പ്രതികൂല സാഹചര്യങ്ങൾ മൂലം സ്വന്തം വീട്ടിൽ കഴിയാൻ സാധിക്കാത്ത കുട്ടികൾക്കും, ദീർഘകാലമായി ശിശു സംരക്ഷണ സ്ഥാപനങ്ങളിലും മറ്റും കഴിയുന്നവർക്കും ഈ പദ്ധതി ഏറെ സഹായകരമാകും. ഇവർക്ക് കുടുംബാന്തരീക്ഷത്തിൽ ജീവിക്കാൻ കഴിയുന്നതിനൊപ്പം മാനസിക വികസനത്തിനും സഹായകരമാകുമെന്ന് കരുതപ്പെടുന്നു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് പുറമേ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഇതിന് സഹായമൊരുക്കും. അപേക്ഷകൾ തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ നൽകാം. അവസാന തീയതി 13.