വണ്ണപ്പുറം : കണ്ണടച്ച് തുറക്കുന്നതിനുമുന്പാണ് എല്ലാം കഴിഞ്ഞത്. പിന്നെ ജോസ് ഫ്രാൻസിസ് കണ്ണ് തുറന്നുനോക്കുമ്പോൾ കാണുന്നത് ബസിന്റെ പിൻചക്രത്തിനടിയിൽ കിടക്കുന്ന തന്റെ സ്കൂട്ടറാണ്. അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ടതിന്റെ ഷോക്കിൽനിന്ന്‌ കരകയറാൻ അല്പം സമയം എടുത്തെങ്കിലും തലനാരിഴയ്ക്ക് മരണത്തിൽനിന്ന്‌ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു കരിമണ്ണൂർ പുതുമറ്റത്തിൽ ജോസ് ഫ്രാൻസിസ്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തൊടുപുഴയിൽനിന്ന്‌ കരിമണ്ണൂരിന് പോകുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്. ഞറുക്കുറ്റിയിലെ വലിയ വളവിലെത്തിയപ്പോൾ മുൻപിലുള്ള വണ്ണപ്പുറം ബസ് റോഡിന് എതിർദിശയോട് ചേർത്ത്‌ വളച്ചെടുക്കുന്നതിനിടയിൽ തൊട്ടുപിറകിലുണ്ടായിരുന്ന ജോസിന്റെ സ്കൂട്ടർ നിയന്ത്രണം നഷ്ടമായി ബസിന്റെ പിൻചക്രത്തിനിടയിലേക്ക്‌ ഓടിക്കയറുകയായിരുന്നു. ബൈക്ക് ടയറിനടിയിലേക്ക് കയറുന്ന ശ്രദ്ധയിൽപ്പെട്ട ബസിന്റെ െെഡ്രവർ വേഗം കുറച്ചതോടെ

വെപ്രാളത്തിൽ ജോസ് പുറത്തേക്കുചാടുകയും സ്കൂട്ടർ ടയറിനടിയിലേക്ക്‌ കയറുകയുമായിരുന്നു. ജോസും ബസിനടിയിലായെന്നോർത്ത് ബസിലുള്ളവരും നാട്ടുകാരും ഓടിക്കൂടിയപ്പോൾ ബസിനരികിലായി കിടക്കുന്ന ജോസിനെയാണ് കാണാൻകഴിഞ്ഞത്. ഉടൻതന്നെ എല്ലാവരും ചേർന്ന് ജോസിനെ പിടിച്ചെഴുന്നേൽപ്പിച്ചു. പിന്നീട് അപകടത്തിൽ കൈയ്ക്കും കാലിനും പരിക്കേറ്റ ജോസിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് െെഡ്രവറുടെ സമയോചിതമായ ഇടപെടലാണ് ജോസിന് പുതുജീവൻ നൽകിയത്.