ഇരട്ടയാർ : ശാന്തിഗ്രാം നോർത്ത് ഡാം സൈറ്റ് റോഡരുകിൽ മാലിന്യംതള്ളി മണിക്കൂറുകൾക്കുള്ളിൽ നടപടിയുമായി ഇരട്ടയാർ പഞ്ചായത്ത്. ചൊവ്വാഴ്ച രാത്രിയാണ് ജനവാസ മേഖലയിൽ ഗാർഹിക മാലിന്യം തള്ളിയത്. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പഞ്ചായത്തിൽ വിവരം അറിയിച്ചു. പ്രസിഡന്റ് ജിൻസൺ വർക്കി, വാർഡ് അംഗം സിനി മാത്യു എന്നിവർക്കൊപ്പം ആരോഗ്യ വിഭാഗം അധികൃതരും സ്ഥലത്തെത്തി. മാലിന്യം പരിശോധിച്ചപ്പോൾ തള്ളിയവരെക്കുറിച്ച് വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരട്ടയാർ ടൗണിൽ താമസിക്കുന്ന ജോയി ഫിലിപ്പിനെ (52) വിളിച്ചുവരുത്തി മാലിന്യം തിരികെ വാരിമാറ്റിപ്പിച്ചു. പിഴയും ഈടാക്കി.

കട്ടപ്പന നഗരസഭ എന്താണിങ്ങനെ?

കട്ടപ്പനയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ കല്യാണത്തണ്ട് മാലിന്യക്കൂമ്പാരമായി മാറുമ്പോഴും നടപടിയെടുക്കാതെ കട്ടപ്പന നഗരസഭ. സുവർണഗിരിയിൽ നിന്ന് കല്യാണത്തണ്ട് ടൂറിസം കേന്ദ്രേത്തിലേക്ക് പോകുന്ന പ്രധാന റോഡിൽ ആളൊഴിഞ്ഞ പ്രദേശത്താണ് മാലിന്യങ്ങൾ തള്ളുന്നത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും മറ്റുമായി ചാക്കിൽ കെട്ടിയ നിലയിൽ ഭക്ഷണാവശിഷ്ടങ്ങളും അറവുശാല മാലിന്യങ്ങളുമടക്കമാണ് സ്ഥലത്ത് തള്ളുന്നത്.

പ്രദേശത്ത് റോഡിന്റെ ഇരുവശങ്ങളിലുമായി പുല്ലുകൾ വളർന്നു നിൽക്കുന്നത് മാലിന്യ തള്ളാനെത്തുന്നവർക്ക് സൗകര്യമൊരുക്കുന്നു. ഭക്ഷണമാലിന്യങ്ങൾ അടക്കം പെരുകിയതോടെ പ്രദേശത്ത് തെരുവ് നായ ശല്യവും വർധിച്ചു.

കല്യാണത്തണ്ട് ടൂറിസം വികസനത്തിനായി പദ്ധതികൾ ആസൂത്രണം ചെയ്യ്തിരിക്കുന്ന നഗരസഭ, റോഡിന്റെ ഇരുവശങ്ങളിലും ഉയർന്നുനിൽക്കുന്ന കാടുകൾ വെട്ടി തെളിക്കുവാനും മാലിന്യങ്ങൾ നീക്കം ചെയ്യാനും നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.