തൊടുപുഴ : വ്യാഴാഴ്ച ആരംഭിക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിൽ 11,469 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ 74 സ്കൂളുകളിലായി 5076 കുട്ടികളും കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ 85 സ്കൂളുകളിൽനിന്ന് 6393 പേരും പരീക്ഷയെഴുതും.

വാർ റൂം തയ്യാർ

പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ സഹായിക്കുന്നതിനും സംശയനിവാരണങ്ങൾക്കുമായി തൊടുപുഴയിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ പ്രത്യേക വാർ റൂം തയ്യാറാക്കിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ പറഞ്ഞു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ വാർ റൂമിൽനിന്ന് സേവനങ്ങൾ ലഭിക്കും. അടിയന്തര വിഷയങ്ങളിൽ ഇവിടെനിന്ന് തീരുമാനമുണ്ടാകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്ററും ഉൾപ്പെടുന്ന അഞ്ചുേപരാണ് വാർ റൂം നിയന്ത്രിക്കുന്നത്. എസ്.എസ്.എൽ.സി. പരീക്ഷയ്ക്കൊപ്പം ഹയർ സെക്കൻഡറി പരീക്ഷയും വ്യാഴാഴ്ച ആരംഭിക്കും.

പരീക്ഷാകേന്ദ്രം മാറ്റി

പൈനാവ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഇപ്രാവശ്യം നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ കേന്ദ്രവും മെഷീനുകളുടെ സ്ട്രോങ് റൂമും ആയതിനാൽ സ്കൂളിന്റെ ഹോസ്റ്റൽ ആയിരിക്കും പരീക്ഷാകേന്ദ്രം. ഇവിടെ 45 കുട്ടികൾ പരീക്ഷയെഴുതുന്നുണ്ട്. ആദ്യ മൂന്ന് പരീക്ഷകൾ ഉച്ചയ്ക്ക് 1.40-ന് ആരംഭിക്കും. പിന്നീടുള്ള ആറ് പരീക്ഷകൾ രാവിലെ 9.45-ന് ആരംഭിക്കും.

കർശന നിയന്ത്രണം

മുഴുവൻ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും പരീക്ഷാ നടപടിക്രമങ്ങൾ. ജില്ലയിലെ എല്ലാ സ്കൂളുകളിലും സാനിറ്റൈസർ, ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള സൗകര്യം എന്നിവ ഉണ്ടാകും.

വാർ റൂമിലേക്ക് വിളിക്കാം-

ഡി.ഡി.ഇ. ഓഫീസ് ഫോൺ: 04862 222996, ജില്ലാ കോ-ഓർഡിനേറ്റർ-9497046312

കണ്ണംപടിയിൽ പരീക്ഷ എഴുതാൻ 27 കുട്ടികൾ

ഉപ്പുതറ : പരാജയത്തിന്റെ പടുകുഴിയിൽനിന്ന് വിജയത്തിന്റെ പടവുകൾ ചവുട്ടി കയറിയ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്കൂളിൽ ഇത്തവണ 27 കുട്ടികൾ എസ്.എസ്.എൽ.സി.പരീക്ഷ എഴുതും.

സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുട്ടികൾ എസ്.എസ്.എൽ.സി.പരീക്ഷ എഴുതുന്നത്. 19 ആൺകുട്ടികളും എട്ട് പെൺകുട്ടികളുമാണുള്ളത്. 2013-ൽ അഞ്ചുശതമാനത്തിൽ താഴെ കുട്ടികൾ വിജയിച്ച സംസ്ഥാനത്തെ അഞ്ച് സ്കൂളുകളിൽ ഒന്ന് കണ്ണംപടിയായിരുന്നു. തുടർന്ന് പ്രത്യേക വിദ്യാഭ്യാസ പാക്കേജിൽ ഉൾപ്പെടുത്തി അധ്യാപകരെ നിയമിക്കുകയും ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം 100 ശതമാനം വിജയം കൈവരിച്ചു. തുടർന്നുള്ള വർഷങ്ങളിലും വിജയം ആവർത്തിച്ചു.

കഴിഞ്ഞ മൂന്നുവർഷം ഓരോ കുട്ടി തോറ്റതിനാൽ വിജയം 98 ശതമാനത്തിലേക്കു താഴ്ന്നു. ഈ വർഷം അധ്യാപകരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നത്. എൽ.പി. , യു.പി.വിഭാഗം അധ്യാപകരുടെ സഹകരണത്തോടെയാണ് ക്ലാസുകൾ പൂർത്തീകരിച്ചത്.

ബി.ആർ.സി.യുടെ സഹകരണവും കിട്ടി. മൊബൈൽ കവറേജ് ഇല്ലാത്തതിനാൽ ഓൺ ലൈൻ ക്ലാസുകളും പല കുട്ടികൾക്കും കിട്ടിയില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ സ്കൂളിൽ എത്തിച്ചാണ് അധ്യായനം പൂർത്തീകരിച്ചത്.

എന്നാലും മുഴുവൻ കുട്ടികളും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും. ഇടുക്കി വന്യജീവി സങ്കേതത്തിനുള്ളിലെ വനമേഖലയിൽ പുറംലോകവുമായി ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതാണ് കണ്ണംപടി ഗവ.ട്രൈബൽ സ്കൂൾ.

12 കുടികളിൽ നിന്നും കിലോമീറ്ററുകൾ കാനനപാതയിലൂടെയാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.