മറയൂർ : ഏത്‌ കാലാവസ്ഥയിലും മറയൂരിൽ ഇനി ശർക്കര ഉത്പാദനം നടക്കും.

മറയൂർ നാച്ചിവയൽ ഗ്രാമത്തിൽ റോയ് മാത്യുവിന്റെ നേതൃത്വത്തിലാണ് ആധുനിക സജ്ജീകരണങ്ങളോടെയുള്ള സ്ഥാപനം തുടങ്ങിയത്.

ആധുനിക യന്ത്രസൗകര്യങ്ങൾ ഒരുക്കുന്നതിന് 30 ലക്ഷംരൂപയും അടിസ്ഥാന സൗകര്യങ്ങൾക്കായി 10 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. കരിമ്പിൻ നീര് തിളപ്പിക്കുന്നതിന് ഉപയോഗിക്കുന്ന കരിമ്പിൽ ചണ്ടി (പോർ) ഉണങ്ങി കിട്ടാത്തതിനാൽ മഴക്കാലത്ത് ശർക്കര ഉത്പാദനം കുറയും. ശർക്കരയുടെ വില വർധിക്കുകയും ചെയ്യും.

പുതിയ യൂണിറ്റിൽ കരിമ്പിൻചണ്ടി മിനിട്ടുകൾക്കകം ഉണങ്ങിക്കിട്ടുന്നതിന് ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കരിമ്പിൽനിന്ന് നീര് പൂർണമായി എടുക്കുന്നതിനും ശുദ്ധമായ രീതിയിൽ ശർക്കര ഉത്പാദിപ്പിക്കുന്നതിനും കഴിയുന്നു.

സാധാരണ ക്രഷർ ഉപയോഗിക്കുമ്പോൾ കരിമ്പുനീര് 60 ശതമാനമേ ലഭിക്കുകയുള്ളൂ. ഒരുദിവസം 1000 കിലോ ശർക്കരയാണ് പ്രാഥമികമായി ഉത്പാദിപ്പിച്ചുവരുന്നത്. സാധാരണ ആലയിൽ 600 കിലോ ശർക്കര മാത്രമേ ഉത്പാദിപ്പിക്കുവാൻ കഴിയുകയുള്ളൂ.

എന്നാൽ, ശർക്കരയുണ്ട പിടിക്കുന്നതിൽ പാരമ്പര്യം കൈവിടാതെ കൈപ്പിടിയിലാണ് ഇപ്പോഴും ഈ യൂണിറ്റിൽ ശർക്കരയാക്കുന്നത്.

ശർക്കര ഉത്പാദനം സഞ്ചാരികൾക്ക് കാണുന്നതിനും സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.