നെടുങ്കണ്ടം : ഇരട്ടവോട്ട് തടയാൻ ശ്രമിച്ച ബി.ജെ.പി.പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയതായി എൻ.ഡി.എ.നേതാക്കൾ ആരോപിച്ചു.

പട്ടത്തിമുക്കിൽ വാഹനം നിർത്തി ഒരുസംഘം കൈയിൽ കരുതിയിരുന്ന രാസപദാർഥം ഉപയോഗിച്ച് വിരലിലെ മഷി അടയാളം മായിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബി.ജെ.പി. പ്രവർത്തകർ ഇത് ചോദ്യംചെയ്തു. പോലീസിന് വിവരം കൈമാറി. 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം, ബിനു അമ്പാടി ഉൾപ്പെടെയുള്ള നാല് ബി.ജെ.പി. നേതാക്കൾക്കെതിരേ കേസെടുപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെ ഉപദ്രവിച്ചെന്ന പേരിലായിരുന്നു കേസ്. സ്റ്റേഷന് മുമ്പിൽവെച്ച് വധഭീഷണി നടത്തുകയും ചെയ്തു. ഇതെല്ലാം പോലീസ് നോക്കിനിൽക്കെയായിരുന്നെന്നും നേതാക്കൾ ആരോപിച്ചു.

കള്ളക്കേസുകൾ പിൻവലിക്കുകയും ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നും നിയോജകമണ്ഡലം പ്രസിഡന്റ് സി.ഡി.സജീവ്, ജില്ലാ സെക്രട്ടറി കെ.ആർ.സുനിൽകുമാർ, ബിനു അമ്പാടി, സജി അയ്യപ്പദാസ് എന്നിവർ ആവശ്യപ്പെട്ടു.