അടിമാലിയിൽ വാക്സിനേക്ഷൻ സെൻറർ തുടങ്ങാൻ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ഒരുപാടുള്ളതുതന്നെയാണ് പ്രധാന തടസ്സം. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടമില്ല. വാക്സിനേഷനായി ഇവിടെ ഫീൽഡ് സ്റ്റാഫില്ല. വാക്സിനേഷൻ നൽകാൻ ഒരു ഫിസിഷ്യൻ ആവശ്യമാണ്. നിലവിലുള്ള ഡോക്ടർ ഇതിലേക്ക് മാറിയാൽ ഒ.പി.മുടങ്ങും. ദിവസവും 100 കണക്കിന് രോഗികൾവരുന്ന ആശുപത്രിയാണ്. സെൻറർ തുടങ്ങിയാൽ തിരക്കുകൂടും. അത് ആശുപത്രിയുടെ പ്രവർത്തനത്തിന് തടസ്സമാകും. കൂടാതെ, ഒരു സെൻററിൽ സ്റ്റാഫ് നഴ്സുമാർ വേണം. ഇവിടെ അതിനുള്ള സ്റ്റാഫില്ല. ഇത്തരത്തിലുള്ള മുഴുവൻ കാര്യങ്ങളും വിശദീകരിച്ചുള്ള റിപ്പോർട്ടാണ് അടിമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിൽനിന്ന്‌ ലഭിച്ചതെന്ന് വാക്സിനേഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് ചുമതലയുള്ള ജില്ലാ ആർ.ടി.എസ്. ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒ.യുമായ ഡോ. സുരേഷ് പറഞ്ഞു.