കട്ടപ്പന : കട്ടപ്പനയിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകണമെന്ന് സി.പി.എം. കട്ടപ്പന ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

കൃഷിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ചിരകാല സ്വപ്നമാണ് ഷോപ്പ് സൈറ്റുകൾക്ക് പട്ടയം ലഭിക്കുകയെന്നത്. പട്ടയ നടപടികൾ ഒന്നാം പിണറായി സർക്കാർ ആരംഭിച്ചുവെങ്കിലും തടസ്സപ്പെട്ടിരിക്കുകയാണ്.

തടസ്സങ്ങൾ ഒഴിവാക്കി കട്ടപ്പനയിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ പുനരാരംഭിക്കണമെന്നും എത്രയും പെട്ടെന്ന് പട്ടയം ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരള സർക്കാർ കെ.എസ്.ഇ.ബി. വഴി നടപ്പാക്കുന്ന 220 കെ.വി.ഡബിൾ സർക്യൂട്ട് ലൈൻ ഇരട്ടിപ്പിക്കൽ ഇടനാഴി പദ്ധതിയുടെ ഭാഗമായി പോത്തുപാറ കട്ടപ്പന സബ് സ്റ്റേഷൻ വരെയുള്ള സർവേ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഈ പദ്ധതി ജനവാസമേഖലയിൽനിന്നും ഒഴിവാക്കി നടപ്പാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.

ശനിയാഴ്ച പൊതുചർച്ചയ്ക്ക് സി.പി.എം.സംസ്ഥാന കമ്മിറ്റിയംഗം കെ.പി.മേരി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി.വർഗീസ്, കെ.എസ്.മോഹനൻ, ഏരിയ സെക്രട്ടറി വി.ആർ.സജി എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.എസ്. രാജൻ, ആർ.തിലകൻ, വി.വി.മത്തായി എന്നിവർ സംസാരിച്ചു. പി.ബി.ഷാജി പ്രമേയവും കെ.പി. സുമോദ് ക്രഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു.