പന്നിമറ്റം : ചെപ്പുകുളം-പന്നിമറ്റം റോഡ് നിർമാണം അശാസ്ത്രീയമെന്നാക്ഷേപം. അപകടകരമായ റോഡിൽ സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യവും ശക്തമാകുന്നു. പന്നിമറ്റംമുതൽ ഉടുമ്പന്നൂർ പഞ്ചായത്തിലെ ചെപ്പുകുളംവരെ മൂന്നര കിലോമീറ്റർ ദൂരത്തിലാണ് റോഡ് പണിതിട്ടുള്ളത്. കൊടും വളവും കയറ്റവും ചേർന്നതാണ് റോഡ്. റോഡിന്റെ വീതികുറവാണ് പ്രധാന പ്രശ്നമായി മാറിയിരിക്കുന്നത്. വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത് വളരെ പ്രയാസപ്പെട്ടാണ്.

കുത്തനെയുള്ള ഇറക്കം ഇറങ്ങിവരുമ്പോൾ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. സംരക്ഷണഭിത്തികൾ ഇവിടെ സ്ഥാപിക്കാത്തതാണ് അപകടങ്ങളുടെ വ്യാപ്തികൂട്ടുന്നത്.

എം.എൽ.എ. ഫണ്ടും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ടും ഉപയോഗിച്ചാണ് റോഡ് പണിതിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ലഭ്യമായ ഫണ്ട് വിനിയോഗിച്ച് മൂന്നര കിലോമീറ്റർ റോഡിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കി.

മൂന്നുമീറ്റർ വീതിയിലുള്ള റോഡ് പണിതതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാരുടെ വളരെ നാളത്തെ പരിശ്രമത്തിനുശേഷമാണ് റോഡുപണിയാൻ തീരുമാനമായത്. റോഡിനായി എട്ടുമീറ്റർ വീതിയിൽ 25 വർഷം മുൻപ് സ്ഥലം സറണ്ടർ ചെയ്ത് നാട്ടുകാർ നൽകിയിരുന്നുവെങ്കിലും മൂന്നുമീറ്റർ വീതിയിൽ മാത്രമാണ് റോഡ് പണിതിരിക്കുന്നത്. വീതികൂട്ടി ശാസ്ത്രീയമായി പണിതാൽ ഇതുവഴി ബസ് ഗതാഗതം തുടങ്ങാൻ കഴിയുമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള റോഡ് നിർമാണം നടത്തിയിട്ടുള്ളത്.

പലർക്കും എളുപ്പമാർഗം

കുറഞ്ഞ ദൂരത്തിൽ ചെപ്പുകുളം നിവാസികൾക്ക് പന്നിമറ്റത്തേക്കും പന്നിമറ്റംകാർക്ക് ചെപ്പുകുളത്തേക്കും എത്താമെന്നതാണ് റോഡിന്റെ പ്രാധാന്യം. ബസ് സർവീസ് നടക്കുന്ന തരത്തിൽ റോഡ് നിർമാണം നടത്തിയാൽ ഉടുമ്പന്നൂർ പഞ്ചായത്തിലെയും വെള്ളിയാമറ്റം പഞ്ചായത്തിലെയും നൂറുകണക്കിന് കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന റോഡായി ഈ പാത മാറും.

കൂടാതെ ചെപ്പുകുളം നിവാസികൾക്ക് പൂമാല ഹയർ സെക്കൻഡറി സ്കൂളിലും ആശുപത്രികളിൽ എത്താനും ഈ റോഡാണാശ്രയം. റോഡിന്റെ അപകടമേഖലകളിൽ സംരക്ഷണ സംവിധാനം എത്രയുംവേഗം ഒരുക്കി റോഡിന് വീതികൂട്ടിയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.