നെടുങ്കണ്ടം : ഏപ്രിൽ മാസം നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പൻചോല പഞ്ചായത്തുകളിൽ 1624 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 10 പേരാണ് കോവിഡ് പോസിറ്റീവായി മരിച്ചത്.

പാമ്പാടുംപാറയിൽ മൂന്ന് പേരും, കരുണാപുരത്ത് രണ്ട്, നെടുങ്കണ്ടത്ത് അഞ്ച് പേരും മരിച്ചു. പാമ്പാടുംപാറയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 45 ശതമാനത്തിലെത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കെ.പി.കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ വി.കെ.പ്രശാന്ത് ഡി.എം.ഒ.യ്ക്കു റിപ്പോർട്ട് നൽകി. പാമ്പാടുംപാറ പഞ്ചായത്തിൽ 445 കോവിഡ് കേസുകൾ കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തു.

കരുണാപുരം 349, ഉടുമ്പൻചോല 173, നെടുങ്കണ്ടം 657 കേസുകളും റിപ്പോർട്ട് ചെയ്തു. 4 പഞ്ചായത്തുകളിലായി 948 പേർ ചികിത്സയിലുണ്ട്.

പാമ്പാടുംപാറ പഞ്ചായത്തിൽ രോഗവ്യാപനം കൂടുതലായ സ്ഥലങ്ങൾ കൺടെയ്‌ൻമെന്റ്‌ സോണാക്കി മാറ്റാൻ കളക്ടറോട് ആവശ്യപ്പെടാൻ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. 3, 11, 12, 15 വാർഡുകളിലെ ചില ഭാഗങ്ങൾ കൺടെയ്‌ൻമെന്റ്‌ സോണാക്കാനാണു അവലോകന യോഗത്തിൽ തീരുമാനിച്ചത്.