നെടുങ്കണ്ടം : ഉടുമ്പൻചോല എക്‌സൈസ് സർക്കിൾ ഓഫീസും, ഇടുക്കി ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിൽ അണക്കര മൈലാടുംപാറയിൽനിന്നും ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.

തുണ്ടിപ്പറമ്പിൽ ബെന്നിച്ചൻ (46) എന്നയാളുടെ പുരയിടത്തിൽ കന്നുകാലി തൊഴുത്തിനോട് ചേർന്ന് ഒളിപ്പിച്ചനിലയിലായിരുന്ന മൂന്ന് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.

സംഭവത്തിൽ സ്ഥലം ഉടമയ്ക്കെതിരേ കേസെടുത്തു. പരിശോധന നടത്തിയ സമയം പ്രതി വീട്ടിലില്ലാതിരുന്നതിനാൽ അറസ്റ്റ് ചെയ്യാനായില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

പ്രിവന്റീവ് ഓഫീസർ കെ.എൻ.രാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ എം.പി.പ്രമോദ്, ഉടുമ്പൻചോല സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ബി.രാജേന്ദ്രൻ, കെ.ഷനേജ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ്.അരുൺ, അരുൺ രാജ്, ഇ.സി.ജോജി, എം.നൗഷാദ്, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.