കട്ടപ്പന : അഞ്ച് ദിവസത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ തിങ്കളാഴ്ച കട്ടപ്പന നഗരം തിരക്കിലമർന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുൻപ് അവശ്യസാധനങ്ങൾ വാങ്ങാനായി ആളുകൾ നഗരത്തിലെത്തിയതാണ് തിരക്കിന് കാരണമായത്.

ശനിയാഴ്ചയും ഞായറാഴ്ചയുമുള്ള നിയന്ത്രണവും അതിന് ശേഷം വന്ന പ്രവൃത്തിദിവസം എന്നതും തിരക്ക് വർധിക്കാൻ കാരണമായി. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മലഞ്ചരക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കർഷകർ ധാരാളമായി എത്തിയതോടെ കട്ടപ്പന കമ്പോളത്തിലും നഗരസഭാ മാർക്കറ്റിലും തിരക്ക് അനുഭവപ്പെട്ടു.

കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തിരക്കൊഴിഞ്ഞ കട്ടപ്പന സ്വകര്യ ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി. ടെർമിനലിലും യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

കുമളി : ചൊവ്വാഴ്ച മുതൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനാൽ കുമളിയിലും പരിസര പ്രദേശങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

പച്ചക്കറി, പലചരക്ക്, മത്സ്യ മാർക്കറ്റുകളിലാണ് രാവിലെ മുതൽ ആൾക്കാരുടെ തിരക്ക് കൂടുതലായിട്ട് കണ്ടത്. എന്നാൽ ഉച്ചയ്ക്ക് ശേഷം ടൗണും പരിസരവും ആളൊഴിഞ്ഞു. മത്സ്യ-മാംസ മാർക്കറ്റുകളിൽ ആളുകളുെട നിര നീണ്ടെങ്കിലും കൃത്യമായ സാമൂഹിക അകലം പാലിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും സാധനങ്ങൾ വാങ്ങാനെത്തിയവർ ശ്രദ്ധിച്ചിരുന്നു. കുമളി ടൗൺ, ഒന്നാംമൈൽ,ചെളിമട തുടങ്ങിയ ഇടങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു.

നെടുങ്കണ്ടം : മേഖലയിലെ പട്ടണങ്ങളിൽ വൻ തിരക്കാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. മേഖലയിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ നെടുങ്കണ്ടത്തും തൂക്കുപാലത്തും രാവിലെ മുതൽ വൻ തിരാക്കായിരുന്നു. പഴം-പച്ചക്കറി കടകളിലും, പലചരക്ക് കടകളിലുമാണ് വൻ തിരക്ക് അനുഭവപ്പെട്ടത്.

ആളുകൾ കൂട്ടംകൂടുന്നത് തടയുന്നതിന് പോലീസിന്റെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് പട്രോളിങ് ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പോലീസ് വാഹന പരിശോധനയും നടത്തി.

തൂക്കുപാലം ടൗണിലും പലചരക്ക്, ഇറച്ചി-മീൻ തുടങ്ങിയവ വിൽക്കുന്ന കടകളിലുമാണ് തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്.

വൈകീട്ടോടെ പച്ചക്കറി കടകളിലെ സാധനങ്ങളെല്ലാം ഏതാണ്ട് കാലിയായ അവസ്ഥയായിരുന്നു.