നെടുങ്കണ്ടം : മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് സ്വർണമോതിരം വാങ്ങാൻ കുടുക്കയിൽ സൂക്ഷിച്ചിരുന്ന സമ്പാദ്യം നൽകി ആറുവയസുകാരി. ഉടുമ്പൻചോല ഇടിയാനയിൽ പ്രിൻസിന്റെയും യമുനയുടെയും മകൾ ദിയ ഫിലിപ്പാണ് തന്റെ കുഞ്ഞുസമ്പാദ്യം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്ക് കൈമാറിയത്. മുത്തശ്ശൻ വാങ്ങിനൽകിയ കുടുക്കയിൽ തനിക്ക് കിട്ടുന്ന ചില്ലറത്തുട്ടുകൾ ദിയ സൂക്ഷിക്കാൻ തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. ഒരു സ്വർണമോതിരം വാങ്ങണമെന്ന ആഗ്രഹത്തോടെയായിരുന്നു സമ്പാദ്യം. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മോതിരത്തേക്കാൾ ആവശ്യം വാക്‌സിനാണെന്ന തിരിച്ചറിവുണ്ടായതോടെയാണ് ദിയ തന്റെ സമ്പാദ്യം ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ തീരുമാനിച്ചത്. ദിയയുടെ തീരുമാനത്തിന് മാതാപിതാക്കളും പിന്തുണ നൽകി. കഴിഞ്ഞ ദിവസം ദിയ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെത്തി നെടുങ്കണ്ടം എസ്.ഐ. എ.കെ.സുധീറിന്‌ കുടുക്ക കൈമാറി. കുടുക്കയിൽ ഒരു വർഷത്തെ ദിയയുടെ സമ്പാദ്യമായ 1734 രൂപയുണ്ടായിരുന്നു. പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയതായി ഉടുമ്പൻചോല തഹസിൽദാർ പറഞ്ഞു.