ഇടതുതരംഗത്തെ അതിജീവിച്ച ജില്ലയിലെ ഒരേ ഒരു യു.ഡി.എഫ്. സ്ഥാനാർഥി. ഇരുപതിനായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പി.ജെ.നേടിയ വിജയം ഏറെ തിളക്കമുള്ളതാണ്. തൊടുപുഴക്കാർ അദ്ദേഹത്തെ പത്താം തവണയാണ് തിരുവനന്തപുരത്തേക്ക്‌ അയയ്ക്കുന്നത്. പി.ജെ.ജോസഫ്‌പറയുന്നു

പത്താം ഊഴം. എന്ത് തോന്നുന്നു?

വളരെ സന്തോഷം. കൂടുതൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കും. പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്നയാളാണെന്ന വിശ്വാസം ജനങ്ങൾക്ക് ഉള്ളതുകൊണ്ടാണ് അവർ എന്നെ വീണ്ടും തിരഞ്ഞെടുക്കുന്നത്.

ഇടതുതരംഗത്തിലും തിളക്കമുള്ള ജയം?

ജനങ്ങളാണ് എന്റെ ശക്തി. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ ഒരു ആത്മബന്ധം പാർട്ടിക്ക് അതീതമായി എല്ലാവരോടുമുണ്ട്. അവർ എന്റെ കൂടെത്തന്നെ നിന്നു.

പാർട്ടിയുടെ ഭാവി?

പാർട്ടിയെ ശക്തിപ്പെടുത്തും. അതിനായി കൂടുതൽ ഊർജസ്വലമായി പ്രവർത്തിക്കും.

ജോസ് കെ.മാണിയുടെ തോൽവി?

പാലായിൽ അദ്ദേഹത്തിന്റെ അടിത്തറ ഇളകി. അത് അദ്ദേഹത്തിന്റെ പാർട്ടിയെയും ബാധിക്കും.

ഇനിയുള്ള ലക്ഷ്യം?

സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി മലങ്കര ടൂറിസം പദ്ധതി യാഥാർഥ്യമാക്കണം. ഇതിന്റെ ഡി.പി.ആർ. തയ്യാറായി. 192 കോടി രൂപയാണ് എസ്റ്റിമേറ്റ്. കെ.എസ്.ആർ.ടി.സി. ഡിപ്പോയും മാരിയിൽ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡും യാഥാർഥ്യമാക്കുന്നതിന് പരിശ്രമം തുടരും.