മറയൂർ : ജനവിധി പൂർണമനസ്സോടെ അംഗീകരിക്കുന്നതായി പരാജയപ്പെട്ട ദേവികുളം മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി ഡി.കുമാർ. തോൽവിക്ക് കാരണം സി.പി.എം. എൻ.ഡി.എ.യുമായി ഉണ്ടാക്കിയ ധാരണയാണ് എന്ന് ദേവികുളം നിയമസഭാ സ്ഥാനാർഥി ഡി.കുമാർ പറഞ്ഞു.

ചില സമുദായസംഘടനാ പ്രതിനിധികൾ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്നെ സമീപിച്ചിരുന്നതായി ഡി.കുമാർ പറഞ്ഞു. പണം നൽകി വോട്ട്‌ വാങ്ങേണ്ട എന്ന നിലപാടുള്ളതിനാൽ സ്നേഹപൂർവ്വം അവരെ തിരിച്ചയക്കേണ്ടിവന്നു. ഇവരെല്ലാം തനിക്ക് എതിരെ നിലപാട് എടുത്തതായി ഡി.കുമാർ പറയുന്നു.

വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൻ.ഡി.എ. സ്ഥാനാർഥിയുടെ പെട്ടിയിൽ വീണ വോട്ടുകളുടെ എണ്ണം പരിശോധിച്ചാൽ ഇത് ബോധ്യപ്പെടും. 2016-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യുടെ സ്ഥാനാർഥി ധനലക്ഷ്മി മാരിമുത്തുവും ബി.ജെ.പി. സ്ഥാനാർഥിയായി എൻ.ചന്ദ്രനും മത്സരിച്ചിരുന്നു. ധനലക്ഷ്മി 11,613 വോട്ടും ചന്ദ്രൻ 9592 വോട്ടും നേടിയിരുന്നു. എന്നാൽ ഇത്തവണ 4717 വോട്ടാണ് എൻ.ഡി.എ. മുന്നണിയിൽ നിന്ന്‌ മത്സരിച്ച അണ്ണാ ഡി.എം.കെ. സ്ഥാനാർഥി എസ്.ഗണേശൻ വാങ്ങിയത്. കഴിഞ്ഞ തവണ ബി.ജെ.പി.യും അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും ചേർന്ന് വാങ്ങിയത് 21,205 വോട്ടാണ്. ബാക്കി 16,488 വോട്ട് എവിടെ പോയി എന്ന് എൻ.ഡി.എ. നേതൃത്വം പറയണമെന്ന് ഡി.കുമാർ ആവശ്യപ്പെട്ടു. പല ബൂത്തുകളിലും എൻ.ഡി.എ. പ്രവർത്തകർ ഉണ്ടായിരുന്നില്ല. എൻ.ഡി.എ.യുടെ പ്രവർത്തന ഫണ്ട് പോലും പല നേതാക്കളും വീതംവെച്ച് എടുത്തതിനാൽ ഭൂരിഭാഗം സ്ഥലത്തും പ്രവർത്തനമേ ഉണ്ടായിട്ടില്ല എന്നും അദ്ദേഹം ആരോപിച്ചു.