മൂന്നാർ : ദേവികുളം മണ്ഡലത്തിലെ പഞ്ചായത്തുകളിൽ ഭൂരിഭാഗത്തിലും ഇടത് ആധിപത്യം വ്യക്തമായിരുന്നു. മറയൂർ പഞ്ചായത്തിൽ നിന്ന് വോട്ടെണ്ണിത്തുടങ്ങുമ്പോൾ യു.ഡി.എഫ്. സ്ഥാനാർഥി ഡി.കുമാർ മുന്നിലേക്ക് വന്നെങ്കിലും പിന്നീട് രാജ ആധിപത്യം നേടുന്ന കാഴ്ചയാണ് കണ്ടത്. ഒരുഘട്ടത്തിൽ പോലും രാജ പിന്നിലേക്ക് പോയില്ല. 12 പഞ്ചായത്തുകളിൽ പത്തിലും രാജയ്ക്കാണ് ലീഡ്. കോൺഗ്രസ് ഭരിക്കുന്ന അഞ്ചു പഞ്ചായത്തുകളിൽ മറയൂരും വട്ടവടയിലും മാത്രമാണ് യു.ഡി.എഫ്. പിടിച്ചുനിന്നത്. ലീഡ് പ്രതീക്ഷിച്ച അടിമാലി, മൂന്നാർ പഞ്ചായത്തിൽ പോലും അവർ പിന്നാക്കം പോയി.

തോട്ടം മേഖലയായ ദേവികുളം പഞ്ചായത്തിൽ നിന്നാണ് രാജയ്ക്ക് ഏറ്റവുമധികം ഭൂരിപക്ഷം ലഭിച്ചത്. 2186 വോട്ടുകളുടെ ഭൂരിപക്ഷമാണ് അവിടെ.ഏറ്റവും കുറവ് ഇടമലക്കുടിയിൽനിന്നും-26 വോട്ടുകളുടെ ഭൂരിപക്ഷം.എന്നാൽ, എൻ.ഡി.എ.സ്ഥാനാർഥിയായിരുന്ന ഗണേശന് എല്ലാ പഞ്ചായത്തുകളിലും നിസ്സാര വോട്ടുകളാണ് ലഭിച്ചത്. കാലങ്ങളായി യു.ഡി.എഫ്. ഭരിക്കുന്ന മറയൂർ പഞ്ചായത്തിൽ ഡി.കുമാറിന് 717 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 1500-ന് മുകളിൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. യു.ഡി.എഫ്. ഭരിക്കുന്ന വട്ടവടയിൽ വെറും 199 വോട്ടിന്റെ ഭൂരിപക്ഷമാണ് കിട്ടിയത്. പിന്നീടിങ്ങോട്ട് യു.ഡി.എഫ്. ശക്തികേന്ദ്രങ്ങളിലടക്കം രാജ മുന്നേറി. ഇടമലക്കുടിയിൽ 26, മൂന്നാറിൽ 68,ദേവികുളം-2186, ചിന്നക്കനാൽ-688, മാങ്കുളം-769, അടിമാലി-709, പള്ളിവാസൽ-914, വെള്ളത്തൂവൽ-1351, ബൈസൺവാലി-1357 എന്നിങ്ങനെയായിരുന്നു രാജയുടെ ലീഡ് നില. മൂന്നാറും അടിമാലിയും കൈവിട്ടപ്പോൾ തന്നെ യു.ഡി.എഫ്. വിജയപ്രതീക്ഷകൾ കൈവിട്ടിരുന്നു.