തൊടുപുഴ : ജില്ലയിൽ എൽ.ഡി.എഫിനുണ്ടായ വൻ വിജയത്തിൽ വോട്ടുകച്ചവടമാരോപിച്ച് യു.ഡി.എഫ്. എൽ.ഡി.എഫ്. വിജയിച്ച പല മണ്ഡലങ്ങളിലും എൻ.ഡി.എയുടെ വോട്ടു കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് ആരോപണം. ജില്ലയിൽ അവിശുദ്ധ വിജയമാണ് ഇടതുമുന്നണി നേടിയതെന്ന് യു.ഡി.എഫ്. ഇടുക്കി ജില്ലാ ചെയർമാൻ അഡ്വ. എസ്.അശോകനും കൺവീനർ പ്രൊഫ. എം.ജെ. ജേക്കബും പറഞ്ഞു.

ഇടുക്കി നിയമസഭാ മണ്ഡലത്തിൽ 2016-ലെ തിരഞ്ഞെടുപ്പിൽ 27,403 വോട്ടുകളാണ് എൻ.ഡി.എയ്ക്ക് ലഭിച്ചത്. ഇത്തവണ പതിനായിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ് അവർക്ക് കിട്ടിയത്. പതിനേഴായിരത്തിൽപരം ബി.ജെ.പി. വോട്ടുകൾ ഇടതുപാളയത്തിൽ എത്തി. ദേവികുളത്ത് കഴിഞ്ഞ തവണ എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും വെവ്വേറെ സ്ഥാനാർഥികളെ നിർത്തി. രണ്ടു പേർക്കും കൂടി ഇരുപതിനായിരത്തിൽപരം വേട്ടുകൾ കിട്ടിയിരുന്നു. ഈ തിരഞ്ഞെടുപ്പിൽ കിട്ടിയതാകട്ടെ നാലായിരം മാത്രമാണ്. പതിനേഴായിരത്തോളം വോട്ടുകൾ ഇടതുപാളയത്തിലേക്ക് ഒഴുകി. 2016-ൽ പീരുമേട് എൻ.ഡി.എ. സ്ഥാനാർഥിക്ക് കിട്ടിയത് 11,200 വോട്ടുകളാണ്. ഇത്തവണ അത് ഏഴായിരമായി കുറഞ്ഞു. നാലായിരത്തിൽപരം വോട്ടുകൾ ഇടതു മുന്നണിയിലേക്ക് ചോർന്നു. 2016-ൽ തൊടുപുഴയിൽ ബി.ജെ.പി. സ്ഥാനാർഥിക്ക് ഇരുപത്തി എണ്ണായിരത്തിൽപരം വോട്ടു ലഭിച്ചെങ്കിലും ഇത്തവണ ആ ഏഴായിരത്തിൽപരം വോട്ടുകൾ ഇടതു പാളയത്തിലേക്ക് ഒഴുകി. ഉടുമ്പൻചോലയിൽ 2016-ൽ 21000 വോട്ടുകളാണ് എൻ.ഡി.എയ്ക്ക് ലഭിച്ചതെങ്കിൽ അത് ഇത്തവണ ഏഴായിരത്തിൽ ഒതുങ്ങി. പതിനയ്യായിരത്തോളം വോട്ടുകളാണ് ബി.ജെ.പിക്ക് കുറഞ്ഞതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.