അടിമാലി : അന്യസംസ്ഥാന തൊഴിലാളിയായ യുവതിക്ക് 108 ആംബുലൻസിൽ സുഖപ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മധ്യപ്രദേശ് സ്വദേശി നവൽ സിങ്ങിന്റെ ഭാര്യ രജിനി(22)യുടെ ആദ്യ പ്രസവമാണ് ആംബുലൻസിൽ നടന്നത്.

രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക്‌ സർവീസ് നടത്തുന്ന ആംബുലൻസിലായിരുന്നു ബുധനാഴ്ച രാവിലെ എട്ടരയോടെ കൂമ്പൻപാറയിൽ യുവതി പെൺകുഞ്ഞിനെ പ്രസവിച്ചത്. 108-ൽ ഫോൺ വന്നതനുസരിച്ച് ഡ്രൈവർ ലിനുവും നഴ്‌സ്‌ രാജാക്കാട് സ്വദേശിനി ആഷ്ലിയും മുട്ടുകാട്ടിലെ തൊഴിലാളികൾ താമസിക്കുന്ന ലയത്തിലെത്തി. ചെറിയതോതിൽ അസ്വസ്ഥത കാണിച്ച യുവതിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവരുന്ന വഴി ആനവിരട്ടിയിലെത്തിയപ്പോൾ പ്രസവവേദന കൂടുതലായി. നഴ്‌സിൻ്റെ പരിശോധനയിൽ പ്രസവം നടക്കാതെ യാത്ര തുടരാൻ കഴിയില്ലെന്ന് മനസ്സിലാക്കി. വാഹനം റോഡരികിൽ ഒതുക്കി നിർത്തി. യുവതിയോടൊപ്പം സഹായിയായി ഒരു പുരുഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതോടെ നഴ്‌സ്‌ ആഷ്ലി യുവതിയുടെ പ്രസവം എടുക്കുകയായിരുന്നു.

ഉടൻതന്നെ അമ്മയെയും കുഞ്ഞിനെയും അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചു. പിന്നീട് ഇരുവരെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏഴുമാസമേ ആയുള്ളുവെന്നാണ് യുവതി പറയുന്നത്. എന്നാൽ, കുഞ്ഞിന് വളർച്ചക്കുറവില്ലെന്നാണ് ആശുപത്രിയിൽനിന്ന്‌ അറിയുന്നത്.

ഈ യുവതി ഒരുവർഷം മുമ്പാണ് ഏലത്തോട്ടത്തിൽ ജോലിക്കായി ഭർത്താവിനോടൊപ്പം ഇവിടെയെത്തിയത്. മുട്ടുകാട്ടിൽ തൊഴിലാളി ലയത്തിലായിരുന്നു താമസം. അയൽവാസിയാണ് 108 ആബുലൻസിൽ വിവരം അറിയിച്ചത്.