നെടുങ്കണ്ടം : നെടുങ്കണ്ടം മഞ്ഞപ്പെട്ടി ഗവ.പോളിടെക്‌നിക് കോളേജിലെ കാന്റീൻ ദിവസങ്ങളായി അടഞ്ഞുകിടക്കുന്നതിനാൽ വിദ്യാർഥികൾക്ക് ഭക്ഷണം കിട്ടുന്നില്ലെന്ന് പരാതി. ഹോസ്റ്റലിൽ ഉൾപ്പെടെ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് ആശ്രയം ആറ് കിലോമീറ്റർ അകലെ നെടുങ്കണ്ടത്തുള്ള ജനകീയ ഹോട്ടൽ.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മുതലാണ് കോളേജിന്റെ കാന്റീൻ അടഞ്ഞുകിടക്കുന്നത്. കാന്റീനിലെ ഭക്ഷണത്തിന് നിലവാരമില്ലെന്ന് കോളേജിലെ കുട്ടികൾ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് നടത്തിപ്പുകാരനായ വ്യക്തി ഏകപക്ഷീയമായി കാന്റീൻ അടയ്ക്കുകയായിരുവെന്നാണ്‌ വിദ്യാർഥികളുടെ ആരോപണം.

കോട്ടയം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള വിദ്യാർഥികളാണ് കോളേജ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. ഇക്കൊല്ലം കോളേജിൽ പ്രവേശനം നേടിയ കുട്ടികളും ഹോസ്റ്റലിലുണ്ട്. എന്നാൽ കാന്റീൻ തുറക്കാത്തതിനാൽ ഇവർ പട്ടിണിയിലായി. പൊതുഗതാഗത സംവിധാനങ്ങളില്ലാത്ത പ്രദേശത്താണ് കോളേജ് സ്ഥിതിചെയ്യുന്നത്. ഇവിടുന്ന് വളരെയധികം ബുദ്ധിമുട്ടിയാണ് കുട്ടികൾ നെടുങ്കണ്ടത്തെത്തി ഭക്ഷണം കഴിക്കുന്നത്. നെടുങ്കണ്ടത്തെ ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കണമെങ്കിൽപോലും ഭീമമായ തുക യാത്രയ്ക്കായി കണ്ടെത്തേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.

എന്നാൽ നടത്തിപ്പുകാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നാണ് മൂന്ന് ദിവസമായി കാന്റീൻ അടച്ചതെന്ന് കോളേജ്‌ പ്രിൻസിപ്പൽ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച വിദ്യാർഥികൾ ഭക്ഷണത്തിന് കാന്റീനിൽ ഓർഡർ നൽകിയിരുന്നു. എന്നാൽ ഭക്ഷണം കഴിക്കാൻ വിദ്യാർഥികൾ എത്തിയില്ല. ഇതിൽ നടത്തിപ്പുകാരന് നഷ്ടമുണ്ടായി. എത്രയും പെട്ടെന്ന് കാന്റീൻ തുറക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ പറഞ്ഞു.