നെടുങ്കണ്ടം : കരുണാപുരം, കമ്പംമെട്ട് മേഖലകളിൽ തെരുവുനായ്ക്കളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു.

റോഡിലൂടെ അലഞ്ഞുതിരഞ്ഞ് നടക്കുന്ന തെരുവുനായ്ക്കൾ വിദ്യാർഥികൾ അടക്കമുള്ള കാൽനട യാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും വലിയ ഭീഷണിയാണ്. രാപകൽ വ്യത്യാസമില്ലാതെ നായ്ക്കൂട്ടം കമ്പംമെട്ട് ടൗൺ കൈയടക്കിയ അവസ്ഥയിലാണ്.

കുട്ടികൾക്കും പ്രായമായവർക്കും വഴി നടക്കുവാൻ കഴിയാത്ത അവസ്ഥയാണ്. കമ്പംമെട്ട് അതിർത്തി ചെക്ക്‌പോസ്റ്റിന് സമീപവും കരുണാപുരം ചെന്നാക്കുളം ക്ഷേത്രപരിസരത്തുമാണ് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. ഒറ്റയ്ക്ക് നടന്നുപോവുന്നവരുടെ പിന്നാലെ നായകൾ കൂട്ടമായി എത്തുന്നതും യാത്രക്കാരിൽ ഭീതിയുണ്ടാക്കുന്നു. നായകളെ തുരത്താൻ കൈയിൽ വടിയുമായി നടക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.

ചെന്നാക്കുളം ക്ഷേത്രത്തിന്‌ മുന്നിലെ മൈതാനത്തും ഇടവഴികളിലും തമ്പിടിച്ചിരിക്കുന്ന നായ്ക്കൾ ആളുകളെ പരിഭ്രാന്തരാക്കും.

ശബരിമല തീർഥാടന കാലമായതിനാൽ അതിർത്തി കടന്നെത്തുന്ന അയ്യപ്പ ഭക്തർക്കും നായ്ക്കൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിർത്തി വനമേഖലയിൽനിന്ന്‌ ഭക്ഷണ അവശിഷ്ടങ്ങൾ കടിച്ചുവലിച്ച് റോഡിലിടുന്നത് ഇരുചക്ര വാഹന യാത്രികർക്കും ബുദ്ധിമുട്ടാണ്‌.

കമ്പംമെട്ടിലെ വ്യാപരസ്ഥാപനങ്ങളുടെ മുമ്പിൽ ഇവ കിടക്കുന്നതും സാധനം വാങ്ങാനെത്തുന്നവരുടെ അടുത്തേക്ക് ചെല്ലുന്നതും കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികളും പറയുന്നു.

അതിരാവിലെ പത്രമിടാൻ പോവുന്ന എജന്റുമാരെ തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കുന്നതും നിത്യസംഭവമാണ്. യാത്രക്കാർക്ക് ശല്യമായിരിക്കുന്ന തെരുവുനായ്ക്കളെ പിടികൂടുന്നതിനും വന്ധ്യംകരിക്കുന്നതിനും കരുണാപുരം പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മേഖലയിലെ തെരുവുനായശല്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാൻ നടപടിയെടുക്കുമെന്നും കരുണാപുരം പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.